04 April, 2018 09:57:36 PM


ബുക്കുകൾ പൊതിഞ്ഞ് താലോലിച്ച അവനോട് അവർ പറഞ്ഞു; 'നിന്നെ ഇവിടാവശ്യമില്ല'

ബിന്‍റോയുടെ പിതാവിന്‍റെ വാക്കുകൾ വൈറലാവുന്നുകോട്ടയം: നൂറ് മേനി ലക്ഷ്യമിട്ട് സ്കൂൾ അധികൃതർ പുറത്താക്കിയ പാമ്പാടി ക്രോസ് റോഡ് സ്കൂളിലെ വിദ്യാർത്ഥി ബിന്‍റോയുടെ ആത്മഹത്യ വിവാദമായി. ഇതിനു പിന്നാലെ ബിന്‍റോയുടെ പിതാവിന്‍റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.


ബിന്‍റോയുടെ പിതാവിന്‍റെ വാക്കുകൾ ഉൾകൊള്ളിച്ച് ഫേസ് ബുക്കിൽ വന്ന ഒരു പോസ്റ്റ് ചുവടെ.


'പുതിയ പുസ്തകത്തിന്‍റെ മണം.
അത് ഓമനിച്ച് പൊതിഞ്ഞ്
നെയിം സ്ലിപ്പ് ഒട്ടിച്ച് 
അകത്തും പുറത്തും 
സ്വന്തം പേര് എഴുതി.
നല്ലവണ്ണം പഠിക്കണമെന്ന് സ്വപ്നം കാണുകയും അത് നടപ്പാക്കുകയും 
ചെയ്യുന്ന ഒരു പാട് ശരാശരിക്കാരുണ്ട്.
അതുപോലെ അവനും ചെയ്തു.
ഒന്നു മുതൽ പത്ത് വരെ പഠിക്കുന്ന 
ഒരു സ്കൂളിനോടും 
അവിടുത്തെ കൂട്ടുകാരോടും
ഒരു പതിനാലുകാരനു തോന്നുന്ന 
ഗാഢമായ അടുപ്പം.
അത് അവനും ഉണ്ടായിരുന്നു.
ഇത്തവണ പത്താം ക്ലാസ്സിലാണ്
നല്ലവണ്ണം പഠിക്കണം 
എന്നൊരു തീരുമാനം.
അതവനും എടുത്തിരുന്നു.
ക്ലാസ്സുകൾ തുടങ്ങിയ ശേഷം
ബുക്കുകൾ പൊതിഞ്ഞ്
താലോലിച്ച് മികച്ച മാർക്ക് സ്വപ്നം
കണ്ടിരുന്ന അവനെ വിളിച്ച്...
അവർ പറഞ്ഞു.
ഈ സ്കൂളിന് നിന്നെ ആവശ്യമില്ലന്ന്.
നിന്‍റെ പാഠ്യേതര കഴിവുകൾക്ക്
ഒരു വിലയുമില്ലന്ന്.
നീ പൊതിഞ്ഞും ശ്വസിച്ചും സ്വന്തമാക്കിയ ബുക്കുകൾ തിരികെ തരണമെന്ന്.
ബിന്‍റോ അന്നു രാത്രിയിരുന്ന്
ആ റാപ്പറുകൾ ബുക്കിനെ
നോവിക്കാതെ ഇളക്കി മാറ്റി.
അകത്ത് വടിവൊത്ത്
എഴുതിയ സ്വന്തം പേരുകൾ
വൈറ്റ്നർ പൂശി മായിച്ചു.
സ്വന്തമാക്കിയ ബുക്കുകൾ
തിരിച്ചേൽപ്പിച്ചു.
പത്ത് വർഷം ഒന്നിച്ചുണ്ടായിരുന്ന
കൂട്ടുകാർക്കൊപ്പം അവസാനത്തെ
രണ്ട് ദിനങ്ങൾ തിങ്കളും ചൊവ്വയും 
ചിലവിട്ടു.
അവർ വല്ലാതെ നൊന്തിരുന്നു.
കാരൂരിന്‍റെ കഥകളിലെ എല്ലുന്തിയ അധ്യാപകൻ മാറി സർക്കാർ 
അധ്യാപകർ പുഷ്ടിപ്പെട്ടപ്പോഴേക്കും.
ആവശ്യക്കാരൻ സ്വകാര്യ മേഖലയിൽ
നോട്ടമിട്ടു.
സ്വകാര്യ ആശുപത്രികൾ പോലെ
സ്വകാര്യ ചാനലുകൾ പോലെ
സ്വകാര്യ സേവനങ്ങൾ പോലെ
സ്വകാര്യ സ്കൂളുകൾ
മികച്ച ഉദ്ദിഷ്ട കാര്യങ്ങൾക്കായി
ജനം സ്വകാര്യ മേഖലയെ ഉന്നം വെച്ചു.
പക്ഷെ  കാര്യങ്ങൾ 
കൈവിട്ടു പോയി.
എങ്ങിനേയും മികച്ച വിളവ്
സ്വപ്നം കാണുന്ന കീടനാശിനി
കർഷകരെ പോലെ ആ സ്ക്കൂളുകൾ മാറി.
അവരുടെ ഫലങ്ങൾ മുഴച്ചു നിന്ന്
ചുറ്റുമുള്ളവയെ അതിശയിപ്പിച്ചു.
ആട്ടിത്തെളിച്ച് നൂറു ശതമാനം
കൂട്ടിലേക്ക് ഓടിച്ചു കയറ്റുമ്പോൾ
ഒരൽപം മുടന്തിയതിനെയൊക്കെ
അവർ നിർദാക്ഷണ്യം തള്ളി.
പഠനത്തിനിടയിലെ സ്വപ്നം കാണലും
കുസൃതിയും, ചില്ലറ തോൽവികളും
നിലയില്ലാക്കയ  കുറ്റങ്ങളായി.
ആരും കുറ്റക്കാരല്ലാത്ത 
സവിശേഷ വൈചിത്ര്യം.
കുട്ടികളുടെ മികച്ച ഭാവി സ്വപ്നം കാണുന്ന മാതാപിതാക്കൾ കുറ്റക്കാരാണോ?
മാതാപിതാക്കളുടെ സ്വപ്നങ്ങൾക്ക് വെള്ളമൊഴിക്കുന്ന സ്കൂളുകാർ തെറ്റുകാരാണോ.
പന്തയക്കളത്തിൽ വീറുകാട്ടാൻ
ചാട്ട ചുഴറ്റി ഉത്തേജിപ്പിക്കുന്ന
അധ്യാപകർ കുറ്റക്കാരാണോ.
അതിജീവനത്തിന്‍റെ യുക്തമായ
വാർപ്പു മാതൃകകളെ സൃഷ്ടിക്കുന്നത്
കുറ്റകരമാണോ?
ഒന്നും കുറ്റമല്ല.
അത് കൊണ്ട് ബിന്‍റോ
റാപ്പറഴിച്ച് വൈറ്റ്നെർ തുറന്ന്
പേര് മായിച്ച് പടിയിറങ്ങി.
ക്രോസ് റോഡ് കോട്ടയത്തെ
ഒറ്റപ്പെട്ട സ്ക്കൂളല്ല.
ജീവിതത്തിൽ പുല്ലു പോലെ
വിജയിക്കേണ്ടവർ 
ഒൻപതാം ക്ലാസ്സിൽ ഉന്നം വെച്ച്
തോൽവിയറിയുന്നു.
അടി തെറ്റി വീഴുന്നു.
ഏപ്രിൽ
ക്രൂരമായ മാസം തന്നെ.
അല്ലെങ്കിൽ
അതിങ്ങനെ വിലാപങ്ങൾ 
കേൾപ്പിക്കുമോ.
പതിനാലുകാരുടെ സ്വപ്നങ്ങൾ  കൂട്ടത്തോടെ ചവിട്ടിയരക്കുമോ?
മനപൂർവ്വം തോൽപ്പിക്കൽ 
ഒരു തരം വൈകൃതമാണ്.
ആ പരീക്ഷാപേപ്പറുകൾ ഉത്തരവാദിത്തപ്പെട്ടവർ
പുന പരിശോധിക്കയെങ്കിലും വേണം.
ഒന്നിനുമല്ല.
ഒരു മന സമാധാനത്തിന്.'Share this News Now:
  • Google+
Like(s): 1327