03 April, 2018 01:23:21 PM


ജ്യേഷ്ഠന്‍ മരിച്ച കേസില്‍ അനുജന്‍ പിടിയില്‍

മര്‍ദിച്ച് അവശനാക്കിയ ജ്യേഷ്ഠനെ മദ്യപിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു



തൃപ്പൂണിത്തുറ: ജ്യേഷ്ഠന്‍ മരിച്ച കേസില്‍ അനുജനെ തൃപ്പൂണിത്തുറ പൊലിസ് അറസ്റ്റ് ചെയ്തു. ജ്യേഷ്ഠനെ അനുജന്‍ മര്‍ദിച്ച് അവശനാക്കിയ ശേഷം അമിതമായി മദ്യപിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കരിങ്ങാച്ചിറ ചങ്ങംപുത കറുത്തേടത്ത് ജോര്‍ജി(42) ന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ ജിജി (32) യെ പൊലിസ് അറസ്റ്റുചെയ്തു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 30 നായിരുന്നു സംഭവം. ജ്യേഷ്ഠന്‍ തലേദിവസം അമിതമായി മദ്യപിച്ചുവെന്ന് ഡോക്ടറോട് പറഞ്ഞാണ് സഹോദരന്‍ ജിജി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ജോര്‍ജിനെ കൊണ്ടുവന്നത്. പൊലിസിനോടും ഇത് തന്നെയാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീട്ടില്‍ വച്ച് തന്നെ ജോര്‍ജ്ജ് മരിച്ചതായാണ് സൂചന. മൃതദേഹം പരിശോധിക്കുന്നതിനിടെ കണ്ണിലും പുരികത്തിലും മുഖത്തും അടിയേറ്റ തരത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതാണ് മരണം കൊലപാതകമെന്ന് പൊലിസ് സംശയിക്കുവാന്‍ കാരണം. മരപ്പണിക്കാരനായ ജിജിയും അമ്പലമുകള്‍ കമ്പനിയില്‍ കരാര തൊഴിലാളിയുമായ ജോര്‍ജും എപ്പോഴും വഴക്കിടുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ഇരുവരും വിവാഹിതരാണെങ്കിലും ഭാര്യമാരുമായി അകന്നു കഴിയുകയാണ്. സംഭവദിവസം ജിജി സഹോദരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യപിച്ച ശേഷം വഴക്കുണ്ടാകുകയായിരുന്നു. ജിജി ജോര്‍ജ്ജിന്റെ വയറ്റില്‍ തോഴിച്ചതിനെത്തുടര്‍ന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തില്‍ കുത്തിക്കയറിയതാണ് മരണകാരണം എന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്



Share this News Now:
  • Google+
Like(s): 155