02 April, 2018 02:06:46 PM


ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ജേക്കബ് തോമസ് വിമർശിച്ചത് ജഡ്ജുമാര്‍ക്കെതിരല്ലെന്ന്



ദില്ലി: ഡി.ജി.പി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കോടതിയലക്ഷ്യ നടപടി സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് പറഞ്ഞതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ മാസം 11ന് കേസ് വീണ്ടും പരിഗണിക്കും.


ഹൈക്കോടതിയിലെ രണ്ടു ജഡ്ജുമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു. ഇതാണ് കോടതിയലക്ഷ്യത്തിന് കാരണമായത്. ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസില്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ മാസം 9ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


തനിക്കെതിരെ ചില ഹൈക്കോടതി ജഡ്ജിമാര്‍ നിരന്തര വിമര്‍ശനം നടത്തിയതിനും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഴിമതിക്കേസുകള്‍ എഴുതിത്തള്ളിയതിനും പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 81