31 March, 2018 04:49:10 PM


അമ്മ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ്

സ്ഥാനമോഹമില്ല



ചാലക്കുടി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ പദവിയില്‍ നിന്ന് വൈകാതെ ഒഴിയുമെന്ന് നടനും എംപിയുമായ ഇന്നസെന്‍റ്. തനിക്ക് ഒരുപാട് പ്രശ്‌നങ്ങളും തിരക്കുകളുമുണ്ടെന്നും അധ്യക്ഷ പദവിയില്‍ നിന്നും മാറുന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇന്നസെന്‍റ് പറഞ്ഞു. സ്ഥാനമോഹമില്ല, അമ്മയുടെ അധ്യക്ഷസ്ഥാനം കഷ്ടപ്പെട്ട് നേടിയതുമല്ല. താന്‍ രാജിവെക്കുന്നതല്ലെന്നും തനിക്ക് രാജിവെച്ച്‌ ഒഴിയേണ്ട സാഹചര്യമില്ലെന്നും ഇന്നസെന്‍റ് വ്യക്തമാക്കി.


വര്‍ഷങ്ങളായി താന്‍ ഈ സ്ഥാനത്തുണ്ട്. കഴിഞ്ഞ നാലു ടേമിലും അധ്യക്ഷ സ്ഥാനത്തു നിന്നും തന്നെ മാറ്റി നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതാണെന്നും എന്നാല്‍, സ്‌നേഹത്തിന്‍റെ സമ്മര്‍ദ്ദം ഒന്നുകൊണ്ടു മാത്രം തുടരാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു.


ജൂണിലാണ് നിലവിലെ കാലാവധി പൂര്‍ത്തിയാകുക. ജൂലൈയില്‍ ചേരാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും പ്രസിഡന്റാകാന്‍ കഴിവുള്ള ഒട്ടേറെപ്പേര്‍ സംഘടനയിലുണ്ടെന്നും ഇന്നസെന്‍റ് വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 180