31 March, 2018 09:00:12 AM
വീഡിയോകോണിന് ഐസിഐസിയുടെ വായ്പ: പ്രാഥമിക അന്വേഷണം തുടങ്ങി
സിബിഐ അന്വേഷണം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ തുടങ്ങി

ദില്ലി: വീഡിയോ കോണിന് ഐസിഐസിഐ ബാങ്ക് നല്കിയ 3,250 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. 2012-ല്‍ നല്കിയ വായ്പയില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ചന്ദാ കൊച്ചാര്‍ സംശയത്തിന്റെ നിഴലില്‍ അല്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ചന്ദാ കൊച്ചാറിനെ കൂടാതെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രുപ്പ് പ്രമോട്ടറുമായ വേണുഗോപാല്‍ ധൂത്, മറ്റു ചിലര്‍ക്കുമെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഇവരെ വിചാരണ നടത്താന്‍ ആവശ്യമായ വല്ല തെളിവുകളുമുണ്ടോ എന്നാണ് സിബിഐ പ്രധാനമായും അന്വേഷിച്ച വരുന്നത്. ചന്ദാ കൊച്ചാറും ഭര്‍ത്താവും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമാണ് വായ്പയെന്ന് കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വായ്പയില്‍ അസ്വാഭാവികയൊന്നുമില്ലെന്നാണ് ഐസിഐസിഐ ബാങ്കിന്റെ വിശദീകരണം.