30 March, 2018 03:50:13 PM


ദില്ലിയിൽ ട്രയിൻ പിടിച്ചു നിർത്തി യാത്രക്കാരെ കൊള്ളയടിച്ചു

കൊള്ള നടത്തിയത് നാലംഗ സംഘം



ദില്ലി: നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരെ നാലംഗ സംഘം കൊള്ളയടിച്ചു. നിസ്സാമുദ്ദീന്‍-അംബാല പാസഞ്ചര്‍ ട്രെയിനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് വന്‍ കൊള്ള നടന്നത്. നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍നിന്ന് പുലര്‍ച്ചെ 3.56ന് ആണ് ട്രെയിന്‍ പുറപ്പെട്ടത്. അധികം വൈകാതെ നിസ്സാമുദ്ദീനും തിലക് ബ്രിഡ്ജിനും ഇടയ്ക്കുള്ള ഒരിടത്ത് ട്രയിന്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാല് കൊള്ളക്കാര്‍ തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചു. യാത്രക്കാരുടെ കൈകളിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും അടക്കം വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടതായി റെയില്‍വേ വക്താവ് നിതിന്‍ ചൗധരി പറഞ്ഞു.


കൊള്ളക്കാരുടെ കൈയ്യില്‍ കത്തികളും മാരകായുധങ്ങളും ഉണ്ടായിരുന്നു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് വിലപിടിപ്പുള്ളതെല്ലാം ഇവര്‍ കവര്‍ന്നത്. നിരവധി യാത്രക്കാര്‍ക്ക് പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു. സംഭവത്തില്‍ യാത്രക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റു യാത്രക്കാര്‍ സുരക്ഷിതരാണെന്നും വക്താവ് പറഞ്ഞു. കൊള്ളയടിക്കപ്പെട്ട യാത്രക്കാര്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും റെയില്‍വേ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. റെയില്‍വേ പോലീസിന്റെയും ആര്‍പിഎഫിന്റെയും ഒരു സംയുക്ത സംഘം കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് റെയില്‍വേ വക്താവ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 135