30 March, 2018 12:05:48 PM


റേഡിയോ ജോക്കിയുടെ കൊലപാതകം; പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി

സംഘം എത്തിയത് ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറില്‍; മൂന്ന് പേര്‍ പിടിയിലായി




അടൂര്‍: റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ സംഘം എത്തിയത് കായംകുളം സ്വദേശിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറില്‍. ഈ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അടൂരില്‍ നിന്നും കണ്ടെത്തി. കൊലപാതകം ക്വട്ടേഷന്‍ സംഘമാണ് നടത്തിയതെന്നും ഗള്‍ഫിലുള്ള രാജേഷിന്‍റെ ഒരു പെണ്‍സുഹൃത്തിന്‍റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ കൊടുത്തതെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


വ്യാഴാഴ്ച കൊല്ലം സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈ, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ കൊലപാതകികള്‍ക്ക് വേണ്ടി പോലീസ് സംഘം തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മറ്റൊരു വിഭാഗം മുംബൈയിലേക്കും പോയിട്ടുണ്ട്. സംഭവദിവസം പരിപാടി കഴിഞ്ഞ് സ്വന്തം സ്റ്റുഡിയോയില്‍ വിശ്രമിക്കുമ്പോള്‍ സ്വിഫ്റ്റ് കാറിലെത്തിയ സംഘം രാജേഷിനെയും കൂട്ടുകാരന്‍ കുട്ടനെയും സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


രാജേഷ് തല്‍ക്ഷണം മരിച്ചപ്പോള്‍ സുഹൃത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികള്‍ പിന്നീട് കാര്‍ ഉപേക്ഷിച്ച രക്ഷപ്പെടുകയായിരുന്നു. അടൂരില്‍ നിന്നുമാണ് ഉപേക്ഷിക്കപ്പെട്ട കാര്‍ കണ്ടെത്തിയത്. കായംകുളം സ്വദേശിയുടെ പേരിലുള്ള വാഹനം വാടകയ്ക്ക് കൊടുക്കുകയും പല കൈമാറ്റത്തിലൂടെ അക്രമിസംഘത്തിന് കിട്ടുകയുമായിരുന്നു. സ്വകാര്യ എഫ്.എം. സ്‌റ്റേഷനിലെ മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ടു കലാകാരനും സൗണ്ട് റെക്കോഡിസ്റ്റുമായ രാജേഷിനെ കിളിമാനൂര്‍ മടവൂരിലുള്ള സ്വന്തം സ്റ്റുഡിയോയില്‍ വച്ചാണ് മൂന്നംഗസംഘം വെട്ടിക്കൊന്നത്. ആക്രമണസമയത്ത് ഖത്തറിലുള്ള ഈ പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു.


ഫോണിലൂടെ രാജേഷിന്‍റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്നാണു െസെബര്‍ സെല്ലിന്‍റെ പരിശോധനയിലൂടെ അന്വേഷണസംഘത്തിന് മനസിലായത്. ഈ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നമാണു കൊലപാതകം എന്ന തരത്തിലാണു രാജേഷിന്‍റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. സംഭവസ്ഥലത്തുകൂടി പലതവണ കടന്നുപോയ ചുവന്ന സ്വിഫ്റ്റ് കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍നിന്നും ലഭിച്ചിട്ടുണ്ട്.


കാറിന്‍റെ നമ്പര്‍ വ്യാജമാണെന്ന നിലപാടിലാണു പോലീസ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മടവൂരിലെ രാജേഷിന്‍റെ മെട്രോ സ്റ്റുഡിയോയിലിട്ട് മൂന്നംഗസംഘം വടിവാളിനു വെട്ടിയത്. പോലീസെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ രാജേഷിനു ജീവനുണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 65