29 March, 2018 10:42:28 AM


അമിത് ചാവദ ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്

യുവാക്കളുടെ സാന്നിധ്യം ഉറപ്പിക്കുക ലക്ഷ്യം




അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം യുവാക്കളിലേക്ക് കൈമാറ്റം ചെയ്യുന്നെന്ന വ്യക്തമായ സൂചന നല്‍കി ഗുജറാത്തില്‍ നേതൃമാറ്റം. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അമിത് ചാവദയെ നിയമിച്ചു. ഭരത്‌സിങ് സോളാങ്കിക്ക് പകരമായാണ് ചവദയെ നിയമിച്ചത്.

കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്തും യുവാക്കളെ എത്തിക്കുന്നത്. പ്രതിപക്ഷ നേതാവായി പരേഷ് ദനാനിയെയും പാര്‍ട്ടി അധ്യക്ഷനായി അമിത് ചാവദയെയും എത്തിച്ചത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.

ചവദയെ നേതൃത്വത്തിലേക്ക് എത്തിച്ചതിന് പിന്നില്‍ രാഹുലിന് രണ്ട് ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തലുകള്‍. പാര്‍ട്ടി സ്ഥാനമൊഴിഞ്ഞ സോളങ്കിയും ചാവദയും അടുത്ത ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പാര്‍ട്ടിയില്‍ യുവാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുമാണ് രാഹുല്‍ ശ്രമിക്കുന്നത്.
ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നാൽപ്പത്തൊന്നുകാരനായ വദ. അംഗ്ലാവ്, ബോര്‍സാദ് എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അദ്ദേഹം നാല് തവണ നിയമസഭയിലും എത്തിയിട്ടുണ്ട്. എന്‍ജിനീയറിങ് ബിരുദദാരിയായ ചാവദ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 2004-ലാണ് അദ്ദേഹം ആദ്യമായി നിയമസഭയില്‍ എത്തുന്നത്.



Share this News Now:
  • Google+
Like(s): 105