28 March, 2018 11:12:35 PM


അഞ്ചര പവനില്‍ നാല് പവനും മെഴുക്; കല്യാണ്‍ ജുവലറിയുടെ തട്ടിപ്പ് വിവാദത്തില്‍

പ്രശ്നം മൂത്തപ്പോള്‍ പണം മടക്കി നല്‍കി ജുവലറി തടിതപ്പി




തിരുവനന്തപുരം: ഒന്നര ലക്ഷം രൂപാ കൊടുത്ത് വാങ്ങിയ അഞ്ചര പവന്‍ സ്വര്‍ണ്ണാഭരണത്തില്‍ നാല് പവനും മെഴുക്. കല്യാണ്‍ ജുവലറിയുടെ തിരുവനന്തപുരം ഷോറൂമില്‍ നടന്ന വന്‍തട്ടിപ്പ് വിവാദമായി. കല്യാണ ആവശ്യത്തിന് 2013 നവംബറിൽ വാങ്ങിയ 49.580 ഗ്രാം തൂക്കം വരുന്ന Antique model നെക്‌ളേസില്‍ തൂക്കം കൂട്ടാന്‍ കല്യാൺ ജ്വല്ലറി മെഴുക് കുത്തിനിറച്ചതായാണ് പരാതി. 43.5 ഗ്രാം സ്വര്‍ണ്ണവും 6.080 ഗ്രാം കല്ലും ഉള്‍കൊള്ളുന്ന 49.580 ഗ്രാം തൂക്കം വരുന്ന നെക്ലേസ് നെയ്യാറ്റിന്‍കര രാജ്ഭവനില്‍ ലളിത നാലര വര്‍ഷം മുമ്പാണ് തിരുവനന്തപുരം ആയുര്‍വേദകോളേജിന് സമീപമുള്ള കല്യാണ്‍ ജുവലറിയില്‍ നിന്ന് വാങ്ങിയത്. 

കഴിഞ്ഞ 17ന് ഈ സ്വര്‍ണ്ണം ബാങ്കിൽ പണയം വയ്ക്കാൻ കൊടുത്തപ്പോഴാണ് ജ്വല്ലറിയുടെ തട്ടിപ്പ് വെളിച്ചത്തായത്. ബാങ്ക് അപ്രൈസറുടെ പരിശോധനയിൽ സ്വർണ്ണത്തിന്‍റെ അളവ് വെറും 12 ഗ്രാം (1.5 പവൻ) മാത്രമേ ഉള്ളുവെന്നായിരുന്നു. മാലയുടെ അകഭാഗത്ത് മെഴുകു കട്ടകൾ നിറച്ച് ഭാരം കൂട്ടിയിരിക്കുകയാണ്.  4 പവന്‍റെ പണം ഈടാക്കിയത് ആഭരണത്തിന്‍റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു. തുടർന്ന് ഈ ആഭരണവുമായി കല്യാൺ ജൂവലറിയിൽ എത്തിയ ഉപഭോക്താവിന് ലഭിച്ച മറുപടിയാണ് ഏറെ രസം. 


ഇത്തരം ആഭരണം മെഴുകിൽ ആണ് നിർമ്മിക്കുന്നതെന്നും, അത് എല്ലാവർക്കും അറിയാമെന്നും പറഞ്ഞ ബ്രാഞ്ച് മാനേജർ (അഡ്മിൻ) പക്ഷെ പണം മടക്കി നല്‍കാന്‍ കൂട്ടാക്കിയില്ല.  തര്‍ക്കങ്ങള്‍ക്കൊടുവില്‍  ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് കാശ് തരാം എന്നായി ജുവലറി അധികൃതര്‍. അവസാനം നൽകിയ മുഴുവൻ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താവ് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

സംഭവം കൈവിട്ടുപോകുമെന്നായപ്പോള്‍ പണം മടക്കി നല്‍കാമെന്നായി. അങ്ങനെ കഴിഞ്ഞ 21ന് ജൂവലറി സ്റ്റാഫ് പോലീസ് സ്റ്റേഷനിൽ എത്തി ആഭരണത്തിന് വാങ്ങിയ കാശ് മുഴുവൻ തിരികെ നല്‍കി. പണം മുഴുവന്‍ കിട്ടിയ സന്തോഷത്തില്‍ കേസിന്‍റെ  ആവശ്യമില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് തമ്പാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.  

ഇതിനു മുമ്പും കല്യാൺ ജൂവലറിയുടെ ഒരു തട്ടിപ്പിന്‍റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുറത്ത് കവറിംഗ് ഉള്ള മോഡൽ ആഭരണങ്ങളിലെല്ലാം തന്നെ ഈ വിധമുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഒരു ജ്വല്ലറി ജീവനക്കാരന്‍ പറഞ്ഞു.  ഇത് കല്യാണില്‍ മാത്രമല്ല, കേരളത്തിലെ എല്ലാ പ്രമുഖ ജൂവലറികളും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയാണ് മുന്നേറുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.  



Share this News Now:
  • Google+
Like(s): 4069