26 March, 2018 10:23:49 PM


പോലീസ് സംവിധാനത്തില്‍ മാറ്റമുണ്ടാകണമെന്ന് മന്ത്രി എം എം മണി

ജനങ്ങളോട് ജനാധിപത്യപരമായി പെരുമാറാന്‍ പഠിക്കണമെന്നും മണി



തിരുവനന്തപുരം: പോലീസിനെതിരെ വൈദ്യുതിമന്ത്രി എം എം മണി. പോലീസ് സംവിധാനത്തില്‍ മാറ്റമുണ്ടാകണമെന്ന് പറഞ്ഞ മണി ജനങ്ങള്‍ക്ക് പെട്ടെന്ന് നീതി ലഭിക്കുന്ന സംവിധാനമല്ല ഇപ്പോഴുള്ളതെന്നും കുറ്റപെടുത്തി. അതുകൊണ്ട് തന്നെ പോലീസ് സംവിധാനത്തെക്കുറിച്ച്‌ പുനരാലോചിച്ച്‌ പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.


ജനങ്ങളോട് ജനാധിപത്യപരമായി പെരുമാറാന്‍ പഠിക്കണമെന്നും എംഎം മണി വ്യക്തമാക്കി. പോലീസ് സര്‍ക്കാരിന്റെ ഇച്ഛയ്ക്ക് ഒത്ത് പ്രവര്‍ത്തിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ജനങ്ങളോട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെ മുന്‍നിര്‍ത്തിയാണ് മന്ത്രി സേനയ്ക്കു നേരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇതൊന്നും വെറുതെ പറയുന്നതല്ല. തന്റെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എംഎം മണി പറഞ്ഞു.


സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. രൂക്ഷ വിമര്‍ശമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംസ്ഥാനത്ത് പോലീസിന്റെ കിരാത ഭരണമാണ് നടക്കുന്നതെന്നും സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രതിപക്ഷം പെരുപ്പിച്ച്‌ കാണിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി എകെ ബാലന്‍ മറുപടി നല്‍കിയത്.



ഇതിനു പിന്നാലെയാണ് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി മന്ത്രി എം. എം മണി രംഗത്തെത്തിയിട്ടുള്ളത്. മലപ്പുറം അരീക്കോട്ട് മാധ്യമപ്രവര്‍ത്തകനെ പൊലീസ് ഉദ്യോഗസ്ഥര്‍ ലോക്കപ്പിലിട്ട് ക്രൂരമായ മര്‍ദ്ദിക്കുകയും, ആലപ്പുഴയില്‍ ബൈക്ക് യാത്രക്കാരന്റെ മൂക്കിന്റെ പാലം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പോലീസിന്റെ ഭാഗത്തതു നിന്നും ക്രൂരമായ നടപടികളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.



Share this News Now:
  • Google+
Like(s): 271