24 March, 2018 10:10:47 PM


കഞ്ചാവ് വിൽപ്പന: അതിരമ്പുഴയില്‍ രണ്ടു യുവാക്കൾ പിടിയില്‍

പിടിക്കപെട്ടത്‌ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ



ഏറ്റുമാനൂർ: സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് വിൽക്കുന്ന സംഘാംഗങ്ങളായ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. പെരുമ്പായിക്കാട് മള്ളൂശേരി സെൻട്രൽ റോഡ് റഹ്മാനിയയിൽ ഹാരിസ് ഹാഫിസ് (19), പനയക്കഴുപ്പ് ശങ്കരമംഗലം വീട്ടിൽ ദേവദേവ്(18) എന്നിവരെയാണ് ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്. ഹാഫിസിൽ നിന്നും 88 ഗ്രാം കഞ്ചാവും, ദേവദേവിൽ നിന്നും 53 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 


അതിരമ്പുഴ ഭാഗത്ത് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അതിരമ്പുഴ ചന്തക്കുളം ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചത്. തുടർന്നു ഏറ്റുമാനൂർ എസ്.ഐ കെ.ആർ പ്രശാന്ത്കുമാർ, ജൂനിയർ എസ്.ഐ ബി.രാമു എന്നിവർ സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് ഹാഫിസിന്‍റെ  കയ്യിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.


സമീപത്തു നിന്ന ദേവദേവ് രക്ഷപെടാൻ ശ്രമിച്ചതോടെ സംശയം തോന്നി പൊലീസ് സംഘം ഇയാളെയും കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോള്‍ ഇയാളുടെ പോക്കറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തി. രണ്ടു പ്രതികളെയും ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് എത്തിക്കാൻ മാഫിയ സംഘം യുവാക്കളെ ഉപയോഗിക്കുന്നതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂരിലും, അതിരമ്പുഴയിലും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു സി.ഐ എ.ജെ തോമസ് അറിയിച്ചു. 



Share this News Now:
  • Google+
Like(s): 313