24 March, 2018 05:51:42 PM


ഇടനിലക്കാരുടെ ചൂഷണം: പച്ചക്കറി കര്‍ഷകര്‍ വഴിയോരക്കട ആരംഭിച്ചു

തെള്ളകത്തെ ഒരു സംഘം കര്‍ഷകര്‍ തുടങ്ങിയ കട ഉപഭോക്താക്കള്‍ക്കും ആശ്വാസമായി
ഏറ്റുമാനൂര്‍: ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷ നേടാന്‍ കര്‍ഷകര്‍ ഒത്തു ചേര്‍ന്നപ്പോള്‍ ആശ്വാസമായത് ഉപഭോക്താക്കള്‍ക്ക്. കൃഷിയിടത്തില്‍ നിന്നും പച്ചക്കറികള്‍ നേരിട്ട് ഉപഭോക്താവിന് ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചത് ഏറ്റുമാനൂര്‍ തെള്ളകം പാടത്തെ ഒരു വിഭാഗം കര്‍ഷകര്‍. ഇതോടെ ഒട്ടും പഴക്കവും മായവും ഇല്ലാത്ത പച്ചക്കറികള്‍ വിപണി വിലയിലും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക്‌ ലഭിച്ചു തുടങ്ങി. ശനിയാഴ്ചയാണ് കര്‍ഷകരുടെ നേരിട്ടുള്ള സംരംഭം ആരംഭിച്ചത്.


പതിനായിരക്കണക്കിനു രൂപ മുടക്കി മഴയും വെയിലും ഒന്നും പ്രശ്നമാക്കാതെ വിളയിക്കുന്ന പച്ചക്കറികള്‍ വിപണിയില്‍ എത്തുമ്പോള്‍ കര്‍ഷകന് കണ്ണീര്‍ മാത്രം ബാക്കി നില്‍ക്കുന്ന അവസ്ഥയാണു നിലവിലുള്ളത്. വളരെ തുശ്ചമായ വില കര്‍ഷകന് നല്‍കി എടുക്കുന്ന പച്ചക്കറികള്‍ ചില്ലറ വില്പന കേന്ദ്രങ്ങളില്‍ നേരെ ഇരട്ടി വില ഈടാക്കിയാണ് വിറ്റുവരുന്നത്‌. ഇതോടെയാണ് കൃഷിയിടത്തില്‍ നിന്നും ഉപഭോക്താവിന് നേരിട്ട് പച്ചക്കറി ലഭ്യമാക്കുന്നതിനെ കുറിച്ച് കര്‍ഷകര്‍ ചിന്തിച്ചത്.


ഏറ്റുമാനൂര്‍ തെള്ളകം പാടത്തെ ഏഴു കര്‍ഷകരാണ് ഇപ്പോള്‍ പദ്ധതിക്ക് പിന്നില്‍. ഉള്‍പ്രദേശത്തേക്ക് കയറിയുള്ള പാടത്ത് വന്ന് പച്ചക്കറികള്‍ വാങ്ങാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. സൗകര്യപ്രദമായ രീതിയില്‍ ഒരു മുറിയെടുത്താല്‍ വാടകയും മറ്റും കൂട്ടുമ്പോള്‍ പദ്ധതിയുടെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കില്ല. അങ്ങനെയാണ് റോഡ്‌ അരികില്‍ ഒരു മേശ പിടിച്ചിട്ട് കച്ചവടം ചെയ്യുന്നതിനെപറ്റി തങ്ങള്‍ ആലോചിച്ചതെന്ന്‍ കര്‍ഷകര്‍ പറയുന്നു. ബാബു പഴയംപ്ലാട്ട്, മോന്‍സി പേരുമാലില്‍, ലാലന്‍ കുര്യാക്കോസ്, തോമസ്‌ വര്‍ഗീസ്‌ ചിലമ്പട്ടുശേരില്‍, വിജയന്‍ വെള്ളനിക്കല്‍, ഗോപി കറത്തെടതുമാലി, ജിനോ പുലിപ്രാത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംരംഭമായി അങ്ങനെ പച്ചക്കറികള്‍ക്കായി വഴിയോരതട്ടുകട ആരംഭിച്ചു. കച്ചവടത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു.


പേരൂര്‍ റോഡില്‍ കുഴിചാലിപടിക്ക് സമീപം ആരംഭിച്ച തട്ടുകടയില്‍ നാടന്‍ പയറും ചീരയും കപ്പയും വാഴച്ചുണ്ടും ആയിരുന്നു ആദ്യം എത്തിയത്. കോട്ടയം മാര്‍ക്കറ്റില്‍ കര്‍ഷകരില്‍ നിന്നും എടുക്കുന്ന വിലയിലും അഞ്ചു രൂപ കിലോവിനു കൂട്ടിയാണ് ഇവിടെ വില്‍ക്കുന്നത്. ഈ തുകയാണ് വില്പ്പനക്കാരനുള്ള ലാഭം. തെള്ളകത്തുനിന്നും വണ്ടി പിടിച്ച് കോട്ടയം വരെ കൊണ്ട് പോകുന്നതും അവിടെ നല്‍കേണ്ടി വരുന്ന അട്ടിമറികൂലിയും കണക്കാക്കിയാല്‍ കര്‍ഷകനു  ബുദ്ധിമുട്ടും സാമ്പത്തികവും സമയവും ലാഭം. തുടക്കത്തില്‍ തന്നെ നല്ല തിരക്കാണ് കടയില്‍ അനുഭവപെട്ടത്‌. 


കര്‍ഷകരുടെ നന്മ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ സ്വാശ്രയ സംഘങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഒരു പ്രയോജനവും ഇല്ലെന്നു കര്‍ഷകര്‍ പറയുന്നു. പലയിടത്തും സൊസൈറ്റികള്‍ ചില വ്യക്തികള്‍ കൈപിടിയിലോതുക്കി. ഇതോടെ കര്‍ഷകന് സംഘങ്ങളും സ്വകാര്യ കടകളും ഒരു പോലായി. ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് നേരിട്ട് വിപണനം ചെയ്യാന്‍ സൌകര്യമുണ്ടെന്നാണ് പറയുന്നത്. തങ്ങളുടെ ഉത്പന്നങ്ങളുമായി കര്‍ഷകര്‍ തന്നെ വന്നിരിക്കേണ്ട അവസ്ഥയാണവിടെ. അപ്പോള്‍ കൃഷിക്ക് സമയം ലഭിക്കാതാവും. പുതിയ സംവിധാനത്തില്‍ യാതൊരു പ്രശ്നവുമില്ലാതെ ഉറവിടത്തില്‍ തന്നെ വില്‍പ്പന നടക്കുമെന്നും വിപണി കണ്ടെത്തുകയെന്ന ജോലി കുറഞ്ഞു കിട്ടുമെന്നും കര്‍ഷകര്‍ പറയുന്നു.


Share this News Now:
  • Google+
Like(s): 919