24 March, 2018 11:23:53 AM


ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ അച്ഛനും രണ്ട് മക്കളും മരിച്ചു

അമ്മയുടെ നില അതീവ ഗുരുതരം



ആലപ്പുഴ:  തോട്ടപ്പള്ളിയില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിച്ച്‌ പിതാവും രണ്ട് മക്കളും മരിച്ചു. അമ്മയുടെ നില അതീവ ഗുരുതരം. കൊല്ലം കരുനാഗപ്പള്ളി ചെറിയഴിക്കല്‍ ആലുംമൂട്ടില്‍ ശ്രീധരന്‍റെ മകന്‍ ബാബു (48) മക്കളായ അഭിജിത്ത് ബാബു (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ (37) ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ ദേശീയ പാതയില്‍ തോട്ടപ്പള്ളി-കൊട്ടാരവളവ് കല്‍പകവാടിക്ക് സമീപം ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹരിപ്പാട്ടേയ്ക്ക് ടാറ് കയറ്റി വന്ന ലോറി കൊട്ടാര വളവിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഈ ലോറിയുടെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം.

കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന ബാബു സംഭവസ്ഥലത്ത് വച്ചും മക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിസിയെ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് ചെറിയഴിക്കലെ സ്വന്തം വീട്ടിലേയ്ക്ക് പോകുകയായിരുന്നു ബാബുവും കുടുംബവും.



Share this News Now:
  • Google+
Like(s): 132