22 March, 2018 09:14:25 PM


ജലദിനാഘോഷം വേറിട്ട അനുഭവമാക്കി ജര്‍മ്മന്‍ യുവതികള്‍ പിയയും മാര്‍ട്ടീനയും

ജലസമ്പത്തിലും മല്‍സ്യസമ്പത്തിലും കാര്യമായ വ്യതിയാനമെന്ന് വിലയിരുത്തല്‍




കോട്ടയം: അപ്പര്‍ കുട്ടനാട്ടിലെ കാര്‍ഷിക ജല അറിവുകളുമായി പഴയകാല കര്‍ഷകര്‍ ജലദിനത്തില്‍ ഒത്തുകൂടിയപ്പോള്‍ അവര്‍ക്കുണര്‍വ്വേകി ജര്‍മ്മന്‍ കൊയ്ത്തുപാട്ടുമായി പിയയും മാര്‍ട്ടീനയും. അതിരമ്പുഴ ശ്രീകണഠമംഗലം മൂഴയില്‍ ഫാമില്‍ ക്ഷീരവികസനവകുപ്പിന്‍റെയും ആത്മയുടെയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ നടത്തിയ ജലദിനാഘോഷവേദിയാണ് ജര്‍മ്മന്‍ യുവതികള്‍ വേറിട്ട അനുഭവമാക്കിയത്. ഇവരോടൊപ്പം താളമിട്ടും പാടിയും നാട്ടിലെ കര്‍ഷകരും ഒത്തുചേര്‍ന്നപ്പോള്‍ ജലദിനാഘോഷം വേറിട്ട അനുഭവമായി.

വളരെ അവിചാരിതമായായാണ് പിയാ വെന്‍സനും മാര്‍ട്ടീന വുഡന്‍സ്ടോര്‍ഫറും ജലദാനാഘോഷത്തിന്‍റെ ഭാഗമായത്. ഇരുവരും മൂഴയില്‍ ഫാം ഉടമ മാത്യുവിന്‍റെ അതിഥികളായാണ് ഇരുവരും അതിരമ്പുഴയില്‍ എത്തിയത്. നാട്ടിലെയും കൃഷിയിടങ്ങളിലേയും ജലസമ്പത്തില്‍ വന്ന വ്യതിയാനം ഉണ്ടാക്കിയ പ്രതികൂലസാഹചര്യങ്ങള്‍ കര്‍ഷകര്‍ വിവരിച്ചത് ഇവര്‍ ശ്രദ്ധയോടെ മനസിലാക്കി. ഒപ്പം കേരളത്തിലെ പഴയകാല കൃഷി രീതികള്‍ മനസിലാക്കാനും ഈ സംഗമം അവര്‍ക്ക് സഹായകമായി. 


അപ്പര്‍കുട്ടനാട്ടില്‍ കൃഷിയ്ക്ക് ജലസേചനത്തിനായി ഏഴ് പല്ലുകളുള്ള ചക്രങ്ങള്‍ ഉപയോഗിച്ചിരുന്നത് മുതല്‍ ഇന്ന് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതു വരെയുള്ള മാറ്റങ്ങല്‍ കര്‍ഷകര്‍ അയവിറക്കി. തണ്ണീര്‍മുക്കം ബണ്ട് വന്നതോടെ ഉപ്പുവെള്ളത്തിന്‍റെ അളവ് കുറഞ്ഞതും കൃഷിയെ ബാധിച്ചുവെന്ന് ഒരു വിഭാഗം കര്‍ഷകര്‍ ചൂണ്ടികാട്ടി. ഉപ്പുവെള്ളം കയറിയിരുന്ന കാലത്ത് പാടവരമ്പുകളിലുള്ള തെങ്ങുകളില്‍ നല്ല കായ്ഫലം ഉണ്ടായിരുന്നു.

കായലിലും തോടുകളിലും നല്ല മത്സ്യങ്ങള്‍  ലഭ്യമായിരുന്നു. പായല്‍ തിന്ന് വളരുന്ന പരല്‍, പള്ളത്തി തുടങ്ങിയ  നാടന്‍ മത്സ്യങ്ങള്‍ നമ്മുടെ നാട്ടില്‍ കാണാതായി. പകരം വിസര്‍ജ്ജ്യങ്ങളും മാലിന്യങ്ങളും ഭക്ഷിച്ചു വളരുന്ന മത്സ്യങ്ങളുടെ എണ്ണം പെരുകി. ആറ്റിലും പുഴയിലും എല്ലാം വളര്‍ത്തു മത്സ്യങ്ങളെ നിക്ഷേപിച്ചതോടെ നാടന്‍ മത്സ്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് എത്തിപെട്ടിരിക്കുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ബിനു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മോളി ലൂയിസ് അദ്ധ്യക്ഷയായിരുന്നു. പി.വി.മൈക്കിള്‍, സജി തടത്തില്‍, ടി.കെ.ശിവശങ്കരന്‍, ബിഡിഓ ഷറഫ് പി.ഹംസ, ക്ഷീരവികസന ഓഫീസര്‍ കെ.ആര്‍.രേവതിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.



Share this News Now:
  • Google+
Like(s): 321