22 March, 2018 02:46:12 PM


എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റി ഷോ: ആര്യ വിവാഹിതനായിരുന്നു

ഷോ വലിയ വിമര്‍ശനങ്ങളിലേക്ക്ചെന്നൈ: തന്‍റെ വധുവിനെ അന്വേഷിച്ച്‌ തമിഴ് നടന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോ വലിയ വിമര്‍ശനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച പരിപാടി 16 പെണ്‍കുട്ടികളുമായിട്ടായിരുന്നു തുടങ്ങിയിരുന്നത്. ഇപ്പോള്‍ പത്ത് പേരാണ് മത്സരാര്‍ത്ഥികളായി ഉള്ളത്.


എല്ലാവരും ആര്യയെ ഭര്‍ത്താവായി മനസിലേറ്റി കഴിഞ്ഞതിനാല്‍ പെണ്‍കുട്ടികളുടെ മനസ് വെച്ചിട്ടുള്ള കളിയാണിതെന്നാണ് പലരും പറയുന്നത്. മാത്രമല്ല ഷോയില്‍ ആര്യ പെണ്‍കുട്ടികളെ കെട്ടിപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമെല്ലാം അതിര് കവിയുന്നുണ്ടെന്നും പലരും പറയുന്നു. എന്നാല്‍ ആര്യ മുന്‍പ് വിവാഹിതനാണെന്ന കാര്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ആര്യ തന്നെയായിരുന്നു ഇക്കാര്യം തുറന്ന് പറഞ്ഞത്.


ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് വ്യത്യസ്ത വഴിതേടി പോയ ആര്യ വലിയ വിമര്‍ശനങ്ങള്‍ കേട്ട് കൊണ്ടിരിക്കുകയാണ്. എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തമിഴില്‍ കളേഴ്സ് ടിവിയിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തില്‍ മൊഴിമാറ്റി ഫ്ള വേഴ്സ് ടിവിയും പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളി പെണ്‍കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കേരളത്തില്‍ ശ്രദ്ധയാകര്‍ഷിക്കാനുണ്ടായിരുന്ന കാരണം. ഇപ്പോള്‍ വിവാദങ്ങള്‍ക്കിടെ ആര്യ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. താന്‍ മുന്‍പ് വിവാഹിതനായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും ആര്യ തുറന്ന് പറഞ്ഞിരിക്കുകയാണ്.


ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്. വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചത്. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയക്കുന്നുണ്ടോ? ബോക്സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു. പരിപാടിയ്ക്കിടെയാണ് ആര്യ ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്.


എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയില്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച്‌ സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഷോ നിര്‍ത്തി വെക്കണമെന്ന ആവശ്യമായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്. സ്ത്രീകളെ കച്ചവട വത്കരിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഇതുപോലെയുള്ള പരിപാടികള്‍ സംസ്കാരത്തിന് ചേരുന്നതല്ലെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 1 ന് വീണ്ടും കേസ് പരിഗണിക്കാനിരിക്കുകയാണ്. ഇത് മാത്രമല്ല പലയിടത്ത് നിന്നും ആര്യയ്ക്കും ഷോയ്ക്കുമെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.


തനിക്കൊരു ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പല വഴികളും നോക്കി എന്നാല്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. അതിനാല്‍ തനിക്കൊരു വധുവിനെ കണ്ടെത്തുന്നതിന് കളേഴ്സ് ചാനലില്‍ റിയാലിറ്റി ഷോ നടത്തുകയാണെന്നും താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്ന ആവശ്യവുമായി ആര്യ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. ആര്യയുടെ സ്വീകരണത്തിന് വലിയ സ്വീകാര്യതയായിരുന്നു കിട്ടിയത്. ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷം കോളുകളുമായിരുന്നു ആര്യയെ തേടി എത്തിയത്. 16 പെണ്‍കുട്ടികളുമായി ഇതോടെ പരിപാടി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എലിമിനേഷന്‍ റൗണ്ടുകളിലൂടെ ആറ് പേര്‍ പുറത്ത് പോയി. ഇന്ന് രാത്രി മറ്റൊരു എലിമിനേഷന്‍ കൂടി നടത്താനിരിക്കുകയാണ്.Share this News Now:
  • Google+
Like(s): 442