22 March, 2018 11:46:28 AM


കീഴാറ്റൂരില്‍ വീട് ആക്രമണം: പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം, നിഷേധിച്ച്‌ ബി.ജെ.പി

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്



കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീടിനു നേര്‍ക്ക് ആക്രമണം നടന്ന സംഭവത്തില്‍ പരസ്പരം പഴിചാരി സി പി എമ്മും ബി ജെ പിയും. ആക്രമണം നടത്തിയത് ആര്‍ എസ് എസ് ആണെന്ന സി പി എമ്മിന്‍റെ ആരോപണത്തിനെതിരെ ബി ജെ പി രംഗത്തെത്തി. സുരേഷിന്‍റെ വീട് ആക്രമിക്കേണ്ട കാര്യം ബി ജെ പിക്ക് ഇല്ലെന്ന് ബി ജെ പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സത്യപ്രകാശ് പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.


ആക്രമണത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന ആരോപണം സി പി എം നേതാവ് എം വി ഗോവിന്ദനാണ് ഉന്നയിച്ചത്. ആര്‍ എസ് എസിന്‍റെ കലാപശ്രമമമാണ് ആക്രമണം. സമരത്തിന്‍റെ പേരും പറഞ്ഞു നടക്കുന്നവര്‍തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.


ഇന്നലെ രാത്രി 1.40 ഓടെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.



Share this News Now:
  • Google+
Like(s): 124