20 March, 2018 04:26:35 PM


കെ എസ് ആര്‍ ടി സി കണ്ടക്ടറുടെ ക്രൂരത; വയോധികയ്ക്ക് നേരിടേണ്ടിവന്നത് ദുരിതപര്‍വ്വം

ജനങ്ങളെ ദുരിതത്തിലാക്കുന്ന ജീവനക്കാര്‍



കോട്ടയം : കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ ജനങ്ങള്‍ക്ക് നേരെ ക്രൂരമായ പെരുമാറ്റം കൊണ്ട് പൊറുതിമുട്ടിക്കുകയാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍. ജീവനക്കാരന്‍റെ ക്രൂര വിനോദങ്ങള്‍ക്ക് പാത്രമാകേണ്ടിവന്നതാകട്ടെ എഴുപത് വയസ് പ്രായമായ വയോധികയും.

ഇന്നലെ വൈകിട്ട് നാലുമണിയോടെ കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ നിന്നും ആര്‍. പി. സി 28-ാം നമ്പര്‍ പാലക്കാട് ബസില്‍ വെമ്പള്ളിയ്ക്ക് ടിക്കറ്റെടുത്ത യാത്രകാരിയായ വെമ്പള്ളി വടക്കേക്കൂനാനിയേല്‍ ശോഭനയ്ക്കാണ് കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ധാര്‍ഷട്യം മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്.  ശോഭനയും ഭര്‍ത്താവും വെമ്പള്ളിയ്ക്ക് ടിക്കറ്റ് ചോദിച്ചെങ്കിലും ഇവര്‍ക്ക് കുറവിലങ്ങാട് ടിക്കറ്റാണ് നല്‍കിയത്. തുടര്‍ന്ന്  വെമ്പള്ളി തെക്കേ കവലയില്‍ ബസ് എത്തുകയും അവിടെ മറ്റൊരാള്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ബസ് നിര്‍ത്തുകയും ചെയ്തു. ഈസമയം മറ്റെന്തോ ആവശ്യത്തിനായി ശോഭനയുടെ ഭര്‍ത്താവും ഇവിടെ ഇറങ്ങി. എല്ലാ ബസുകള്‍ക്കും സ്റ്റോപ്പുള്ള വെമ്പള്ളി വടക്കേ കവലയില്‍ ഇറങ്ങണം എന്ന ശോഭനയുടെ ആവശ്യം മാനിക്കാതെ  അസഭ്യ വര്‍ഷം നടത്തി കുറവിലങ്ങാട്ടെത്തിച്ച് പെരുമഴയത്തിറക്കിവിട്ടു.

അസമയത്ത് ശക്തമായ കാറ്റിലും മഴയിലും വീട്ടിലെത്താന്‍ ബുദ്ധിമുട്ടിയ വയോധികയെ സുമനസുകളാണ്  ടാക്‌സിയില്‍ വീട്ടിലെത്തിച്ചത്. ഒരു കടുംബത്തെ മുഴുവന്‍ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ ജീവനക്കാരന് നേരെ  നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പരസഹായമില്ലാത്ത ഒരു മുതിര്‍ന്ന സ്ത്രീ എന്ന പരിഗണനപോലുമില്ലാത നടന്ന ഈ മനുഷ്യത്വ രഹിത നടപടിയ്‌ക്കെതിരെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 




Share this News Now:
  • Google+
Like(s): 204