19 March, 2018 11:17:55 PM


കുഫോസില്‍ വിദ്യാര്‍ത്ഥികളുടെ ജൈവ പച്ചക്കറി വിളവെടുപ്പ്




കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) പനങ്ങാട് മെയിന്‍ കാമ്പസ്സിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍  വിദ്യാര്‍ത്ഥികള്‍  നടത്തിയ ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ്. വിളവെടുപ്പ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഹോസ്റ്റല്‍ വളപ്പിനകത്ത് ഒഴിഞ്ഞ സ്ഥലത്ത് വളര്‍ന്ന കാട് ആറ് മാസം മുന്‍പ്  വിദ്യാര്‍ത്ഥികള്‍ വെട്ടിതെളിച്ചത് ഇഴജന്തുക്കളുടെ ശല്യം ഇല്ലാതാക്കാനായിരുന്നു. അവിടെ ബിരുദ വിദ്യാര്‍ത്ഥികളായ  ജീസന്‍ പി.ജെയും അബ്ദുകാസിമും ചേര്‍ന്നാണ് പച്ചക്കറി കൃഷി തുടങ്ങിയത്. ജീസനും, അബ്ദുകാസിമും നട്ട ചീരയും പടവലവും തഴച്ചുവളര്‍ന്നതോടെ മററ് വിദ്യാര്‍ത്ഥികളും കൃഷിയില്‍ പങ്ക് ചേര്‍ന്നു. കാബേജും, കോളിഫ്‌ളവറും, വെണ്ടയും, വഴുതനയും ഹോസ്റ്റല്‍ തൊടിയില്‍ നിറഞ്ഞു. വിളവെടുക്കുന്ന പച്ചക്കറികള്‍ ഹോസ്റ്റലിന്റെ അടുക്കളയിലേക്ക് നല്‍കാനാണ് കൃഷി ചെയ്ത വിദ്യാര്‍ത്ഥികലുടെ തീരുമാനം.

എഴുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലെ പച്ചകറി കൃഷിയില്‍ പങ്കാളികളായിരിക്കുന്നത്‌. രാവിലെയും വൈകീട്ടും വിദ്യാര്‍ത്ഥികള്‍ ഊഴമിട്ട് കൃഷി നനയ്ചിരുന്നു. ഹോസ്റ്റല്‍ വളപ്പില്‍ കൃഷി ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ അനുമതി ചോദിച്ചപ്പോള്‍ നല്‍കിയ വിഷരഹിത ജൈവ കൃഷി എന്ന നിബന്ധന വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും പാലിച്ചുവെന്ന് രജിസ്ട്രാര്‍ വി.എം.വിക്ടര്‍ ജോര്‍ജ്  പറഞ്ഞു. 

ഹോസ്റ്റലിലെ കൃഷി കൂടുതല്‍ വിപുലമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹോസ്റ്റലില്‍ ജലസേചന സൗകര്യം ഏര്‍പ്പാടാക്കാനുള്ള ഫണ്ട് അനുവദിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്, ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കര്‍,ക്യാപസ് ഓഫിസ്സര്‍ എസ്.എം.റാഫി എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 86