19 March, 2018 12:35:55 PM


കാണിക്ക വഞ്ചിയില്‍ നിന്ന് 20 രൂപയെടുത്തതിന് പൊലീസ് പിടിച്ചു, കാരണമറിഞ്ഞപ്പോള്‍ 500രൂപ നല്‍കി വിട്ടയച്ചു

തൊടുപുഴ പൊലീസിന് അഭിനന്ദന പ്രവാഹം



തൊടുപുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും 20 രൂപ മോഷ്ടിച്ചതിന് പിടിച്ചയാളെ യഥാര്‍ത്ഥ കാരണമറിഞ്ഞപ്പോള്‍ പൊലീസുകാര്‍ 500 രൂപ കൊടുത്ത് വെറുതെ വിട്ടു. കഴിഞ്ഞ ദിവസം തൊടുപുഴയിലാണ് സംഭവം നടന്നത്.

തൊടുപുഴയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ 5.30നായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയയാള്‍ കാണിക്ക വഞ്ചിയില്‍ നിന്നും പണമെടുക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പണം എടുത്തത് വിശന്നത് കൊണ്ടാണെന്നും മാപ്പാക്കണമെന്നും ഇയാള്‍ കരഞ്ഞ് പറഞ്ഞതോടെ പൊലീസുകാരും കുഴങ്ങി.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് സെക്യൂരിറ്റി ജോലിക്കായാണ് ഇയാള്‍ തൊടുപുഴയില്‍ എത്തിയത്.എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ക്ക് ജോലി നഷ്ടമായി. ഒരു ചായ പോലും വാങ്ങിക്കുടിക്കാന്‍ പണമില്ലാത്തതിനാലാണ് താന്‍ ക്ഷേത്രത്തിലെ പണമെടുത്തതെന്ന് ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വദേശമായ മോനിപ്പള്ളിയില്‍ ഇയാളുടെ പേരില്‍ മറ്റ് കേസുകളൊന്നുമില്ലെന്ന് ബോധ്യമായതോടെ വഴിച്ചെലവിനും ഭക്ഷണം കഴിക്കാനുമായി 500 രൂപ നല്‍കി തൊടുപുഴ പൊലീസ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. കാക്കിക്കുള്ളിലും നല്ല മനുഷ്യരുണ്ടെന്ന് തെളിഞ്ഞതോടെ തൊടുപുഴ പൊലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.



Share this News Now:
  • Google+
Like(s): 237