18 March, 2018 12:32:34 AM


ആഫ്രിക്കന്‍ ഏഷ്യന്‍ ഗ്രാമവികസന സംഘടന കുഫോസുമായി കൈകോർക്കുന്നു




കൊച്ചി: 33 രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കന്‍ ഏഷ്യന്‍ ഗ്രാമവികസന സംഘടനയും  ( African - Asian Rural Development Organization) കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസ്) വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. കുഫോസ് സന്ദര്‍ശിച്ച അഫ്രിക്കന്‍ ഏഷ്യന്‍ ഗ്രാമവികസന സംഘടന സെക്രട്ടറി ജനറല്‍ വാസ്സഫി ഹസ്സന്‍ എല്‍ ശ്രീഹിം, ഗവേഷണ വിഭാഗം മേധാവി  ഖുഷ്‌നൂദ് അലി എന്നിവര്‍ കുഫോസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

17 ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യയുൾപ്പെടെ 15 ഏഷ്യന്‍ രാജ്യങ്ങളും അംഗങ്ങളായ സംഘടനയുടെ ആസ്ഥാനം ദില്ലിയാണ്. പരസ്പര സഹകരണത്തിലൂടെ അംഗ രാജ്യങ്ങളുടെ ഗ്രാമീണ വികസനം ആണ് സംഘടനയുടെ ലക്ഷ്യം. ഗ്രാമീണ വികസത്തിന് കൃഷി, മത്സ്യബന്ധന മേഖലകളിലെ സുസ്ഥിരത പ്രധാനപ്പെട്ടതായതിനാല്‍ കുഫോസുമായുള്ള സഹകരണം സംഘടനയിലെ അംഗ രാജ്യങ്ങള്‍ക്കെല്ലാം പ്രയോജനകരമാവുമെന്ന് വാസ്സഫി എല്‍ ശ്രീഹം പറഞ്ഞു. 

ധാരണയനുസരിച്ച് അഫ്രിക്കന്‍ ഏഷ്യന്‍ ഗ്രാമവികസന സംഘടനയിലെ അംഗരാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് ശുദ്ധജല മത്സ്യകൃഷിയിലും,ഓരു ജലകൃഷിയിലും അനുബന്ധമേഖലകളിലും കുഫോസിലെ ശാസ്ത്രജ്ഞര്‍ പരിശീലനം നല്‍കുമെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. സംഘടനയിലെ അംഗരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി് കുഫോസിലെ എല്ലാ പി.ജി.കോഴ്‌സുകളിലും  ഒരു സീറ്റ് നീക്കിവെക്കുമെന്നും എ.രാമചന്ദ്രന്‍ അറിയിച്ചു.

രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ്, ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കര്‍, വിവിധ പഠന വകുപ്പുകളുടെ അദ്ധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഹകരണം സംബന്ധിച്ച ധാരണാപത്രം അടുത്തമാസം ഇരുസ്ഥാപനങ്ങളും ഒപ്പുവെയ്ക്കും.

- ഉണ്ണികൃഷ്ണൻ പനങ്ങാട്



Share this News Now:
  • Google+
Like(s): 88