15 March, 2018 03:35:38 PM


ഡി സിനിമാസ് നിര്‍മിച്ചത് ഭൂമി കൈയേറിയല്ലെന്ന റിപ്പോര്‍ട്ട് തള്ളി വിജിലന്‍സ് കോടതി

നടന്‍ ദിലീപിന് തിരിച്ചടി



കൊച്ചി:  നടന്‍ ദിലീപിന് തിരിച്ചടി. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മിച്ചത് ഭൂമി കൈയേറിയല്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളി തൃശൂര്‍ വിജിലന്‍സ് കോടതി . കേസില്‍ ദിലീപിനും തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ്.ജയയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. 

തിരു- കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തുകയായിരുന്നുവെന്ന പരാതിയിലാണ് കോടതിയുടെ നടപടി. ഡി സിനിമാസില്‍ കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അന്വേഷണം നടന്നത്. ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതേസമയം, ദിലീപിന്റെ കൈവശം സ്ഥലം എത്തുന്നതിനു മുന്‍പു കയ്യേറ്റം നടന്നിട്ടുണ്ടെന്ന പരാതിയും ഉയര്‍ന്നിരുന്നു. 



Share this News Now:
  • Google+
Like(s): 178