14 March, 2018 01:31:56 PM
ബസില്‍ കടത്തുകയായിരുന്ന ഒരു കോടിയുടെ കുഴല്‍പണം പിടികൂടി; 2 പേര് അറസ്റ്റില്‍
ഇരുവരും കുഴല്‍പണ ശൃംഘലയിലെ കണ്ണികള്‍

ഇരിട്ടി: വാഹന പരിശോധനക്കിടയില്‍ ബസില്‍ കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പണം പിടികൂടി.ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് കുന്നോത്ത് സ്കൂളിന് സമീപത്തെ പെട്രോള്‍ പമ്പിനടുത്ത് വാഹന പരിശോധനക്കിടയില്‍ പണവും രണ്ടുപേരേയും പോലീസ് പിടികൂടിയത്. ഇരിട്ടി വയത്തൂര് കാലാങ്കിയിലെ കുളങ്ങര വീട്ടില്‍ സോണി(40), നിലമ്ബൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ് വീട്ടില്‍ മുഹമ്മദ് അന്‍ഷാദ്(40) എന്നിവരെയാണ് ഇരിട്ടി എസ്ഐ പി.സി.സഞ്ജയ്കുമാര്‍,ജൂണിയര്‍ എസ്ഐ രഞ്ജിത്ത്, എഎസ്ഐ ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രണ്ട് ബസുകളിലായി ബംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച സംഘമാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോടുള്ള സംഘത്തിന് കൈമാറാനായി കൊണ്ടുപോകുകയായിരുന്നു പണമെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരുവരും കുഴല്‍പണ ശൃംഘലയിലെ കണ്ണികളാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പണം കൊഴിക്കോട് എത്തിക്കണമെന്ന നിര്‍ദ്ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
രണ്ട് ബാഗുകളിലായി നിറച്ച 2,000, 500, 100 രൂപ നോട്ടുകളുടെ കെട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. ഇരുവരേയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സമീപകാലത്തായി ഇരിട്ടി ചെക്ക് പോസ്റ്റിലൂടെ വ്യാപകമായി കുഴല്പണമൊഴുകുന്നതായി സൂചനയുണ്ടായിരുന്നു. ഇത്തരം പണം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.