14 March, 2018 11:25:45 AM


നിര്‍ധന വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ വിതരണം നിലച്ചു

തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പ്രധാന കാരണമെന്ന് ആരോപണം
കോട്ടയം: സാമൂഹികക്ഷേമവകുപ്പിന്‍റെ വിവാഹധനസഹായ പദ്ധതിയുടെ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നു. നൂറ് കണക്കിന് സാധുക്കളായ വിധവകളാണ് തങ്ങള്‍ക്കര്‍ഹതപ്പെട്ട ധനസഹായത്തിനായി വര്‍ഷങ്ങളായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്നത്. സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായത്തിന് അറിവില്ലായ്മ മൂലം ഒട്ടേറെ പേര്‍ കൃത്യമായി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇക്കൂട്ടര്‍ക്ക് ധനസഹായം നിരസിക്കപ്പെട്ട വേളയില്‍ ആറ് വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച നിബന്ധനകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. അതിനുശേഷം അപേക്ഷ നല്‍കിയ പലരുടെയും അപേക്ഷകള്‍ ഇന്നും ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുകയാണ്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ താല്‍പര്യക്കുറവ് മൂലം കൃത്യമായി ഫയല്‍ നീക്കാത്തതാണ് ധനസഹായം മുടങ്ങാന്‍ പ്രധാന കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  വിവാഹത്തിനു നിശ്ചയിച്ചിട്ടുള്ള തീയതിക്ക് കുറഞ്ഞത് ഒരു മാസത്തിനുമുമ്പെങ്കിലും അപേക്ഷ സര്‍പ്പിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഇക്കാര്യത്തിലുള്ള അറിവില്ലായ്മമൂലം അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുന്നത് ആനുകൂല്യ നിഷേധത്തിനു കാരണമായിരുന്നു. ഇക്കാരണത്താലാണ് 2012 ജൂണില്‍ ഭേദഗതിക്ക് സര്‍ക്കാര്‍ തയാറായത്.

ഏതെങ്കിലും അപേക്ഷകര്‍ക്ക് മതിയായ കാരണങ്ങളാലാണ് സമയപരിധി പാലിക്കാന്‍ സാധിക്കാതെ വന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ അവരുടെ അപേക്ഷകളില്‍ വിവാഹം നടന്ന തീയതി മുതല്‍ ആറു മാസം വരെയുള്ള കാലതാമസം ഇളവുചെയ്ത് ആനുകൂല്യം നല്‍കാന്‍ അതത് ജില്ലാ കളക്ടര്‍ക്കും, അതിനുശേഷം അഞ്ചു മാസം വരെ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും അധികാരമുണ്ടായിരിക്കുമെന്നായിരുന്നു ഭേദഗതി. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നല്‍കിയിട്ടുള്ള അപേക്ഷകള്‍ ആദ്യം പരിഗണിച്ച് ആനുകൂല്യം നല്‍കിയതിനു ശേഷമായിരിക്കണം വൈകി ലഭിച്ച അപേക്ഷയില്‍ ആനുകൂല്യം നല്‍കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അത് ഗൗനിക്കാതെ അപേക്ഷ നല്‍കാനെടുത്ത കാലതാമസം ചൂണ്ടികാട്ടിയാണ് ഇന്നും ഉദ്യോഗസ്ഥര്‍ ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നതത്രേ. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇരുപത്തേഴ് പേരാണ് കഴിഞ്ഞ ആറ് വര്‍ഷമായി ധനസഹായത്തിന് ഓഫീസുകളില്‍ കയറിയിറങ്ങുന്നത്. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് 2012ല്‍ സമര്‍പ്പിച്ച അപേക്ഷകളിന്മേലാണ് നഗരസഭയായിട്ടും ഇതുവരെ തീരുമാനമെടുക്കാത്തത്. 75 പേരാണ് ആറ് വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയത്. നഗരസഭയായ ശേഷം പരാതികള്‍ കുന്നു കൂടിയതോടെ അപേക്ഷകള്‍ വീണ്ടും പരിഗണനയ്ക്കെടുത്തു. ഇതില്‍ 27 പേര്‍ക്ക് ധനസഹായം നല്‍കാമെന്ന് മാസങ്ങള്‍ക്കു മുമ്പ് നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തു. പക്ഷെ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നടപടികള്‍ ഒന്നുമായില്ല. 

കൗണ്‍സില്‍ പാസാക്കിയ  അപേക്ഷകള്‍ വിശദപരിശോധനയ്ക്കായി സെക്രട്ടറി ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഏല്‍പ്പിച്ചു. ഈ ഫയല്‍ തിരിച്ചെത്തിയില്ല എന്നാണ് സെക്രട്ടറി ഇപ്പോള്‍ പറയുന്നതെന്ന് വികസനകാര്യ  സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ് കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം ഏറ്റുമാനൂര്‍ നഗരസഭയില്‍ തന്നെ പതിമൂന്നര ലക്ഷം രൂപയാണ് ധനസഹായമായി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനാകാതെ കിടക്കുന്നത്. അപേക്ഷകളില്‍ നടപടിയെടുക്കുന്നതിന് വൈകിയതിനാല്‍ ധനസഹായം ലഭ്യമാക്കുന്നതിന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നല്‍കണമത്രേ.  സംസ്ഥാനത്ത് പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങലിലും ഈ അവസ്ഥ തുടരുന്നുണ്ട്. 

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ ധനസഹായം ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ പിന്നീട് ഉത്തരവിറക്കിയിരുന്നു. പിന്നീട് ഈ കാലതാമസം മാപ്പാക്കി നല്‍കുന്നതിനുള്ള അധികാരം അതത് ജില്ലകളിലെ സാമൂഹ്യനീതിഓഫീസര്‍മാര്‍ക്ക് നല്‍കി കൊണ്ട് 216 ആഗസ്ത് 5ന് സര്‍ക്കാര്‍ വിജഞാപനമിറക്കി. കളക്ടര്‍മാരുടെ അമിതജോലിഭാരം കണക്കിലെടുത്തായിരുന്നു ഇത്. 

1997ലാണ് ദേശീയ കുടുംബ സഹായനിധി തുടങ്ങിയത്. തുടക്കത്തില്‍ 10,000 രൂപയായിരുന്നു. പിന്നീട് 20,000 രൂപയായും 30000 രൂപയായും വര്‍ധിപ്പിച്ചു. 2012ന് ശേഷമാണ് സഹായനിധി വിതരണം താളംതെറ്റിയത്. വരുമാനപരിധിയുടെ പേരില്‍ ഒട്ടേറെ അപേക്ഷകള്‍ തള്ളപ്പെടുകയാണെന്നും ആക്ഷേപമുണ്ട്. അപേക്ഷകരുടെ എണ്ണം കുറച്ച്, ആനുകൂല്യം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്നും ആരോപണമുണ്ട്. 2015 ഡിസംബറില്‍ അനുവദിച്ച ഫണ്ട് സഹായവിതരണത്തിന് അപര്യാപ്തമായിരുന്നു. അതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപേക്ഷിച്ചവര്‍ക്ക് പോലും പൂര്‍ണ്ണമായും സഹായ നിധി നല്‍കാന്‍ പറ്റിയിരുന്നില്ല. Share this News Now:
  • Google+
Like(s): 315