14 March, 2018 11:20:12 AM


കേരളത്തില്‍ 33 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി

ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് അനുമതി



കണ്ണൂര്‍: കേരളത്തിലെ 33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് 2018-19 ലെ റെയില്‍വേ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി അനുമതിയായി. 2017 സെപ്തംബര്‍ രണ്ടിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിര്‍ദ്ദേശം അംഗീകരിച്ചാണ് റെയില്‍വേയുടെ അനുമതി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തന്‍റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രസ്തുത മേല്‍പ്പാലങ്ങള്‍. ഏഴിമല സ്റ്റേഷന്‍, എറണാകുളം-മട്ടാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍, മാഹി-തലശ്ശേരി, തലശ്ശേരി-എട്ടക്കോട്ട്, മുളങ്കുന്നത്തുകാവ്-പൂങ്കുന്നം, കരുനാഗപ്പള്ളി-ശാസ്താംകോട്ട, ഒല്ലൂര്‍-പുതുക്കാട്, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍-വാടാനാംകുറിശ്ശി, ചേപ്പാട്-കായംകുളം, പട്ടാമ്പി-പള്ളിപ്പുറം, പെരിനാട്-കൊല്ലം, പറളി-മങ്കര, എടക്കാട്-കണ്ണൂര്‍, കോഴിക്കോട്-വെസ്റ്റ്ഹില്‍, നിലമ്ബൂര്‍ യാര്‍ഡ്, ഷൊര്‍ണ്ണൂര്‍-വള്ളത്തോള്‍ നഗര്‍, താനൂര്‍-പരപ്പനങ്ങാടി, ഷൊര്‍ണ്ണൂര്‍-അങ്ങാടിപ്പുറം, അങ്ങാടിപ്പുറം-വാണിയമ്പലം, വൈക്കംറോഡ്-കുറുപ്പന്തറ, കുറുപ്പന്തറ-ഏറ്റുമാനൂര്‍, കണ്ണൂര്‍-വളപട്ടണം, പാപ്പിനിശ്ശേരി-കണ്ണപുരം, കണ്ണപുരം-പഴയങ്ങാടി, ഉപ്പള- മഞ്ചേശ്വരം, കായംകുളം-ഓച്ചിറ, അമ്പലപ്പുഴ-ഹരിപ്പാട്, കൊല്ലം-മയ്യനാട്, കടയ്ക്കാവൂര്‍-മൂരുക്കുംപുഴ സ്റ്റേഷനുകള്‍ക്കിടയില്‍ ഓരോ മേല്‍പ്പാലവും, പുതുക്കാട്-ഇരിങ്ങാലക്കുട, പയ്യന്നൂര്‍-തൃക്കരിപ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടു വീതം മേല്‍പ്പാലങ്ങളുമാണ് 2018-19 ലെ ബജറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 



Share this News Now:
  • Google+
Like(s): 119