13 March, 2018 06:11:18 PM


തൂക്കുപാലത്തിന്‍റെ പിതൃത്വം ആര്‍ക്കെന്നറിയാതെ പിഡബ്ല്യുഡിയും ജില്ലാ പഞ്ചായത്തും; ഇരുട്ടില്‍ തപ്പേണ്ടെന്ന് തിരുവഞ്ചൂര്‍
കോട്ടയം: ഏറ്റുമാനൂര്‍ - കോട്ടയം നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പേരൂര്‍ കിണറ്റിന്‍മൂട് തൂക്ക് പാലത്തിന്‍റെ പിതൃത്വം ആര്‍ക്കെന്നറിയാതെ ഇരുട്ടില്‍ തപ്പി പൊതുമരാമത്ത് വകുപ്പും ജില്ലാ പഞ്ചായത്തും. പാലത്തിന്‍റെ ഉടമസ്ഥാവകാശം ആര്‍ക്കെന്നറിയാതെ ഇരു കൂട്ടരും ഇരിട്ടില്‍ തപ്പേണ്ട കാര്യമില്ലെന്നും ദുരന്തനിവാരണസമിതിയാണ് പാലത്തിന്‍റെ പണി നടത്തിയതെന്നും സ്ഥലം എം.എല്‍.എ യും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനമാണ് ഉടമസ്ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പത്തിലെത്തിച്ചത്. പാലം ജില്ലാ പഞ്ചായത്തിന്‍റെ കീഴിലാണെന്ന് പൊതുമരാമത്ത് വകുപ്പ് വിധിയെഴുതിയപ്പോള്‍  തങ്ങളുടെ റിക്കാര്‍ഡില്‍ അങ്ങനെയൊരു പാലമില്ലെന്ന് ജില്ലാ പഞ്ചായത്ത്. ഇതിലെല്ലാം വിചിത്രം തങ്ങള്‍ പാലം പണിതതായി എന്തെങ്കിലും രേഖയുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ വിവരാവകാശപ്രവര്‍ത്തകനായ മോന്‍സ് പി.തോമസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്  ജില്ലാ പഞ്ചായത്ത്.

ഇതോടെ പാലം നവീകരണത്തിന് ആരെ സമീപിക്കണമെന്ന ആശയക്കുഴപ്പത്തിലായി നാട്ടുകാര്‍. ഈ അവസരത്തിലാണ് പാലം നിര്‍മ്മിച്ചത് ദുരന്തനിവാരണസമിതിയാണെന്നും അറ്റകുറ്റപണികള്‍ അവര്‍ തന്നെ നടത്തുമെന്നും അതിനായി നാല് ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. മീനച്ചിലാറിനു കുറുകെ രണ്ട് തൂണുകളില്‍ ഇരുമ്പ് കയര്‍ ബന്ധിച്ച് അഞ്ഞൂറ് മീറ്ററിലേറെ നീളത്തിലുള്ള പാലം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഫണ്ടില്‍ നിന്ന് ഒരു കോടിയോളം രൂപ വകയിരുത്തി നിര്‍മ്മിച്ചതാണ്. 2013 ഡിസംബറില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല.


തൂക്കുപാലത്തിന്‍റെ പല ഭാഗവും തുരുമ്പെടുത്ത് ദ്രവിച്ചിട്ടും അറ്റകുറ്റപണികള്‍ ഇതുവരെ ഉണ്ടായില്ല. ഇരുവശത്തുമുള്ള ഇരുമ്പ് കമ്പികളും കൈപിടികളും തുരുമ്പെടുത്ത് ഒടിഞ്ഞു. ഫുട്പാത്തിലെ ഇരുമ്പ് ഷീറ്റുകളുടെയും വലകളുടെയും വെല്‍ഡിംഗ് വിട്ടതും അപകടം ക്ഷണിച്ചുവരുത്തുന്നു. അപകടം ഏറ്റവും അരികെ എന്നറിയാതെയാണ് ഇപ്പോള്‍ എല്ലാവരും പാലത്തില്‍ കയറുന്നത്. അഥവാ അറിയാവുന്നരാകട്ടെ സകല ദൈവങ്ങളെയും വിളിച്ച് ജീവന്‍ പണയം വെച്ചാണ് പാലത്തിലേക്ക് കാല്‍ വെയ്ക്കുന്നത്. പാലം പണിതതല്ലാതെ അറ്റകുറ്റപണികള്‍ നടക്കാതായതോടെയാണ് പാലത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടികാട്ടി പേരൂര്‍ പൗരസമിതി പ്രസിഡന്‍റ് മോന്‍സി പി തോമസ് പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്.മന്ത്രിക്ക് ലഭിച്ച പരാതി കോട്ടയം നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറി. തുടര്‍ന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കഴിഞ്ഞ ജനുവരി 16ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയ കത്തിലാണ് കിണറ്റിന്‍മൂട് - മൈലപ്പള്ളികടവില്‍ പണിത തൂക്കുപാലം ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലാണെന്ന് വ്യക്തമാക്കുന്നത്. ഇതനുസരിച്ച് പാലത്തിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ജില്ലാ പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് അറിയിച്ചുകൊണ്ട് ജനുവരി 19ന്  എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ മന്ത്രിയുടെ ഓഫീസിലേക്ക് മറുപടി നല്‍കി. പരാതി തുടര്‍നടപടികള്‍ക്കായി ജില്ലാ പഞ്ചായത്തിന് കൈമാറുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് കൈകൊണ്ട നടപടികള്‍ അറിയാന്‍ മോന്‍സി പി തോമസ് വിവരവാകാശനിയമപ്രകാരം അപേക്ഷ നല്‍കി. ഇതിനുള്ള മറുപടിയായാണ് ഇത്തരമൊരു പാലത്തെകുറിച്ച് തങ്ങള്‍ക്കറിവില്ലെന്ന ജില്ലാ പഞ്ചായത്തിന്‍റെ മറുപടി. "ഈ പ്രവൃത്തി ജില്ലാ പഞ്ചായത്ത് ചെയ്തത് സംബന്ധിച്ച് താങ്കളുടെ കൈയില്‍ രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എത്രയും വേഗം ഓഫീസില്‍ ഹാജരാക്കണ"മെന്ന അറിയിപ്പോടുകൂടിയായിരുന്നു മോന്‍സിക്ക് മറുപടി ലഭിച്ചത്.

തിരുവഞ്ചൂര്‍, പാറമ്പുഴ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളേജ്, കോട്ടയം ഭാഗങ്ങളിലേക്ക് പോകുവാനുള്ള എളുപ്പവഴിയായിരുന്നു പേരൂര്‍ പൂവത്തുംമൂട്ടിലോ കിണറ്റിന്‍ മൂട് മൈലപ്പള്ളിക്കടവിലോ എത്തുകയെന്നത്.  കിണറ്റിന്‍മൂട്ടിലുണ്ടായിരുന്ന കടത്തുവള്ളം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ വന്നതിനെ തുടര്‍ന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തൂക്കുപാലം നിര്‍മ്മിച്ചത്. പേരൂര്‍, പാറമ്പുഴ പ്രദേശങ്ങളിലെ സ്കൂളുകളിലേയ്ക്കുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ സഹിതം നൂറ്കണക്കിനാളുകളാണ് ദിനംപ്രതി ഈ നടപാലത്തിലൂടെ സഞ്ചരിക്കുന്നത്. ഇതിനു പുറമെയാണ് പ്രകൃതിഭംഗി ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയും വിവാഹചിത്രങ്ങള്‍ ഷൂട്ട് ചെയ്യുവാനും മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തി പാലത്തില്‍ കയറുന്നവര്‍. Share this News Now:
  • Google+
Like(s): 528