13 March, 2018 12:34:34 PM


അതിരപ്പിള്ളിയില്‍ കാട്ടുതീ പടരുന്നു:തീ അണയ്ക്കാന്‍ 60 അംഗ സംഘം

അതിരപ്പിള്ളി പിള്ളപ്പാറയിലും, വടാമുറിയിലുമാണ് കാട്ടുതീ പടര്‍ന്നത്



തൃശൂര്‍: തേനി ദുരന്തത്തിന്‍റെ നടുക്കം വിട്ടുമാറും മുന്‍പേ കേരളത്തിലെ വനമേഖലയിലും കാട്ടുതീ പടരുന്നു. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകള്‍ക്ക് കീഴിലെ അതിരപ്പിള്ളി പിള്ളപ്പാറയിലും, വടാമുറിയിലുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നത്.


കാട്ടുതീ അണയ്ക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രാവിലെ മുതല്‍ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പൂര്‍ണ്ണമായും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, കൊന്നക്കുഴി, ചായ്പ്പന്‍കുഴി, കൊടപ്പന്‍കല്ല് എന്നിവടങ്ങളിലെ കാട്ടുതീ പൂര്‍ണ്ണമായും കെടുത്തിയെന്നാണ് വിവരം. ഇവിടങ്ങളില്‍ മുപ്പത് ഹെക്ടറോളം വരുന്ന അടിക്കാട് പൂര്‍ണ്ണമായും കത്തിനശിച്ചു. കൊടപ്പന്‍കല്ലിലെ തീ അണച്ചതിന് പിന്നാലെയാണ് പിള്ളപ്പാറയിലും വടാമുറിയിലും കാട്ടുതീ പടര്‍ന്നത്.


ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനു കീഴില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ അണയ്ക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 60 അംഗ സംഘം കാട്ടിലെത്തിയിട്ടുണ്ട്. ഇവര്‍ വിവിധ ചെറുസംഘങ്ങളായി തിരിഞ്ഞാണ് നിലവില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ തീ പിടുത്തമുണ്ടായ വനമേഖലയിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാത്തതാണ് തീ അണയ്ക്കാന്‍ തടസം സൃഷ്ടിക്കുന്നത്. ഇതിനുപുറമേ ചെങ്കുത്തായ മലകളും പാറക്കെട്ടുകളും രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. അടിക്കാടുകളിലാണ് തീ പടര്‍ന്നു പിടിക്കുന്നതെന്നതിനാല്‍ കാട്ടുതീ കെടുത്താനുള്ള ദൗത്യം ശ്രമകരമാണ്. ഇതുകൂടാതെ വന്‍ മരങ്ങളിലേക്ക് തീ പടരുന്നതും, കനത്ത വെയിലും കാട്ടുതീ വ്യാപിക്കാന്‍ കാരണമാകുന്നു.


വാഴച്ചാല്‍, അതിരപ്പള്ളി മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കാട്ടുതീയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വടപ്പാറ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ മണിക്കൂറുകള്‍ക്ക് ശേഷമാണ് അണയ്ക്കാനായത്. എന്നാല്‍ ഇവിടെയും പൂര്‍ണ്ണമായും തീ അണച്ചിട്ടില്ലെന്നാണ് വിവരം. അതിനാല്‍ കനലുകളില്‍ നിന്ന് വീണ്ടും തീ പടരാനുള്ള സാദ്ധ്യതയുണ്ട്. നിലവില്‍ കൂടുതല്‍ മേഖലകളിലേക്ക് തീ പടരാതിരിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഇതിനായി തീ പടര്‍ന്നു പിടിക്കുന്നതിന്റെ സമീപ പ്രദേശങ്ങളില്‍ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. അതേസമയം, ഈ മേഖലയില്‍ ട്രക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിരോധനമുള്ളതിനാല്‍ സഞ്ചാരികളാരും വനത്തിനുള്ളില്‍ ഇല്ലെന്നാണ് വിവരം.


വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പള്ളിയില്‍ എത്തുന്നവര്‍ അനധികൃതമായി വനത്തില്‍ പ്രവേശിക്കാറുണ്ടെങ്കിലും ഈ ദിവസങ്ങളില്‍ അങ്ങനെയാരും കാട്ടിലേക്ക് കടന്നിട്ടില്ലെന്ന് വനംവകുപ്പും നാട്ടുകാരും സ്ഥിരീകരിച്ചു.അപകട സാദ്ധ്യത കണക്കിലെടുത്ത് ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകള്‍ക്ക് കീഴിലെ വനമേഖലയില്‍ പ്രവേശിക്കുന്നതിനും ട്രക്കിങ് നടത്തുന്നതിനും നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാഹസിക പ്രിയരായ സഞ്ചാരികള്‍ ഇടയ്ക്കിടെ ഈ മേഖലയിലൂടെ ട്രക്കിങ് നടത്താറുണ്ട്. ഇവിടെനിന്നും ഷോളയാറിലേക്കുള്ള ട്രക്കിങാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയം. വനംവകുപ്പിന്റെ ശക്തമായ നിരീക്ഷണമുള്ളതിനാല്‍ അനധിക‍ൃതമായി വനത്തില്‍ പ്രവേശിക്കുന്നവരെ ഉടന്‍തന്നെ പിടികൂടി പുറത്തേക്കയക്കാറാണ് പതിവ്. അതേസമയം, പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ വനത്തില്‍ ട്രക്കിങ് നടത്താറുണ്ട്. ഇതിനെതിരെ വനംവകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു.


തൃശൂര്‍ ജില്ലയില്‍ പീച്ചി വനമേഖലയില്‍ മാത്രമേ ട്രക്കിങിന് അനുമതിയുള്ളു.കഴിഞ്ഞദിവസം തേനിയിലുണ്ടായ കാട്ടുതീയില്‍ ട്രക്കിങിന് എത്തിയ 11 പേരാണ് വെന്തുമരിച്ചത്. നിരവധിപേര്‍ക്ക് കാട്ടുതീയില്‍പ്പെട്ട് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇവരില്‍ പത്തിലേറെ പേരുടെ നില ഗുരുതരമാണ്. ട്രക്കിങ് നിരോധിച്ചിട്ടുള്ള കൊളുക്കുമല, കുരങ്ങിണി വനത്തിലൂടെയാണ് ചെന്നൈയില്‍ നിന്നുള്ള സഞ്ചാരികള്‍ യാത്ര ചെയ്തത്. എന്നാല്‍ ഞായറാഴ്ച വൈകീട്ടോടെയുണ്ടായ കാട്ടുതീയില്‍ ഇവര്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോയി. തീ പടരുന്നത് കണ്ട് ഭയന്ന് എല്ലാവരും ചിതറിയോടി. ഇതോടെ പലരും പാറക്കെട്ടുകളില്‍ കുടുങ്ങിപ്പോകുകയും അഗ്നിക്കിരയാകുകയും ചെയ്തു. തേനി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ വനമേഖലയിലും ട്രക്കിങിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 232