12 March, 2018 09:50:20 PM


കര്‍ഷക രോഷത്തിനു മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കീഴടങ്ങി; ലോങ് മാര്‍ച്ചിന് ഐതിഹാസിക വിജയം

കിസാന്‍ സഭ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു



മുംബൈ:  ആത്മഹത്യയല്ല , പോരാട്ടമാണ് മാര്‍ഗമെന്ന് പ്രഖ്യാപിച്ചു ഇരുനൂറിലേറെ കിലോമീറ്ററുകള്‍ താണ്ടി അധികാരക്കോട്ടകളെ വിറപ്പിച്ചു മുന്നേറിയ മഹത്തായ കാര്‍ഷിക പ്രക്ഷോഭത്തിന് ഐതിഹാസിക വിജയം. കര്‍ഷക വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ സംഘശക്തിക്കു മുന്നില്‍ അടിയറവു പറഞ്ഞു.

അഖിലേന്ത്യ കിസാന്‍ സഭ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആറ് മാസം സമയം ചോദിച്ചു .സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചു സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ അഖിലേന്ത്യാ കിസാന്‍ സഭ തീരുമാനിച്ചു. ഉറപ്പുകള്‍ സര്‍ക്കാര്‍ എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പിന്‍വലിക്കാന്‍ കിസാന്‍ സഭ തയ്യാറായത്

സമരവേദിയിലെത്തി കര്‍ഷകരെ അഭിസംബോധന ചെയ്ത മഹാരാഷ്ട്ര റവന്യു മന്ത്രി സര്‍ക്കാര്‍ തയ്യാറാക്കിയ ധാരണയുടെ കരട് രേഖ സമരവേദിയില്‍ വായിച്ചു.


2017 ജൂണ്‍ 30 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും ,വനാവകാശ നിയമം സര്‍ക്കാര്‍ ആറ് മാസത്തിനകം നടപ്പാക്കും ,താങ്ങുവില നിശ്ചയിക്കാന്‍ കിസാന്‍ സഭ പ്രതിനിധികള്‍ക്കും പങ്കാളിത്തമുണ്ടാകും ,ഉറപ്പുകള്‍ പാലിക്കുന്നത് നടപ്പാക്കാന്‍ 6 അംഗ സമിതി നിലവില്‍ വരും തുടങ്ങിയവയാണ് പ്രധാന ഉറപ്പുകള്‍. നാസിക്കില്‍ നിന്ന് മാര്‍ച്ച്‌ ആറിനാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ മുംബൈ വിധാന്‍ സഭ ലക്ഷ്യമാക്കി പ്രക്ഷോഭം ആരംഭിച്ചത്. കടന്നു വന്ന വഴികളിലെല്ലാം പതിനായിരക്കണക്കിന് കര്‍ഷകര്‍ ദിവസങ്ങള്‍ കഴിയുന്തോറും ലോങ് മാര്‍ച്ചിന്റെ ഭാഗമായി. ഒടുവില്‍ മുംബൈ നഗരത്തിലെത്തിയ മാര്‍ച്ചില്‍ ലക്ഷക്കണക്കിന് പേരാണ് അണിനിരന്നത് .


2017 ജൂണില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിരവധി ഉറപ്പുകള്‍ നല്‍കിയെങ്കിലും അത് പാഴായ ഘട്ടത്തിലാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷക ലക്ഷങ്ങള്‍ മുംബൈ വിധാന്‍ സഭ വളയാന്‍ തീരുമാനിച്ചത്. സമര ഭടന്മാര്‍ക്ക് ഉജ്വല സ്വീകരണമൊരുക്കിയ മുംബൈ നഗരവാസികള്‍ സമാനതകളില്ലത്ത ആവേശത്തോടെയാണ് ലോങ് മാര്‍ച്ചിനെ വരവേറ്റത് .വീട്ടിലൊരുക്കിയ ഭക്ഷണം വിതരണം ചെയ്തും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തും മുംബൈ അക്ഷരാര്‍ത്ഥത്തില്‍ പ്രതിഷേധക്കടലിനോട് ഇഴുകിച്ചേരുകയായിരുന്നുരാജ്യത്തിന്‍റെ സമസ്ത മേഖലകളില്‍ നിന്നും ഓരോ മിനിട്ടിലും കര്‍ഷക പോരാട്ടത്തിന് പിന്തുണ ഒഴുകിയെത്തി . സോഷ്യല്‍ മീഡിയയ്ക്കു പുറമെ സിനിമ താരങ്ങള്‍ , ചിന്തകര്‍ , രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ കര്‍ഷകന്റെ അവകാശപോരാട്ടത്തെ ഇടനേഞ്ചോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ പകരം വെക്കാനിനില്ലാത്ത പ്രക്ഷോഭമായി ലോങ് മാര്‍ച്ച്‌ മാറി . 




Share this News Now:
  • Google+
Like(s): 177