12 March, 2018 08:47:27 PM


അബദ്ധം സംഭവിച്ചെന്ന് പിതാവ് തുറന്ന് പറയുമ്പോൾ വീണ്ടും വിഴുപ്പലക്കണോ - പി.സി.ജോര്‍ജ്

നോമ്പ് മാസത്തിൽ ക്രിസ്തുവിന്‍റെ അനുയായികൾ നടത്തുന്ന പോർവിളികൾ ലജ്‌ജാകരംവെബ് ഡസ്ക്


കോട്ടയം: ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഈ നോമ്പ് മാസത്തിൽ തന്നെ ക്രിസ്തുവിന്‍റെ അനുയായികൾ എന്ന് അവകാശപ്പെടുന്നവർ പരസ്പരം നിലമറന്നു നടത്തുന്ന പോർവിളികൾ ഏറെ ലജ്‌ജ ഉളവാക്കുന്നതാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. അബദ്ധം സംഭവിച്ചെന്ന് സഭാ പിതാവ് തന്നെ തുറന്ന് പറയുമ്പോൾ വീണ്ടും അതിന്മേൽ നടത്തുന്ന വിഴുപ്പലക്കലുകൾ നമുക്ക് എന്ത് നേടിത്തരുമെന്ന് നാമും വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കേരള ജനപക്ഷത്തിന്‍റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഫേസ് ബുക്കിലൂടെയുള്ള പി.സി ജോര്‍ജിന്‍റെ അഭിപ്രായപ്രകടനത്തിന് വിവിധങ്ങളായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'ക്രിസ്തുവിന്റെ അനുയായികളെ' എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍‌ണ്ണരൂപം ചുവടെ.


ക്രിസ്തുവിന്റെ അനുയായികളെ..

വൈദികരെ, സഭാ വിശ്വാസികളെ...

ഒരു വിശ്വാസി എന്ന നിലക്ക് എനിക്കും അതുപോലെ നിങ്ങൾ ഓരോരുത്തർക്കും ഏറെ പ്രാധാന്യമുള്ള ആഴ്ചകളിലൂടെയാണ് നാം കടന്ന് പോകുന്നത്. ചമ്മട്ടി അടിയേറ്റും, ആണികളാൽ തറക്കപെട്ടും, കുന്തത്താൽ കുത്തപ്പെട്ടും ലോകരക്ഷക്കായി സ്വജീവൻതന്നെ നമുക്കായി ബലികഴിച്ച ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം നമ്മുടെ ജീവിത പാതകളെ നേർവഴിക്കു നയിക്കാൻ തക്കവണ്ണം സമരിക്കപെടേണ്ടദിനങ്ങളാണ് അടുത്തുവരുന്നത്.

എറണാകുളം അതിരൂപതയിൽ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഈ നോമ്പ് മാസത്തിൽ തന്നെ ക്രിസ്തുവിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്നവർ പരസ്പരം നിലമറന്നു നടത്തുന്ന പോർവിളികൾ ഏറെ ലജ്‌ജ ഉളവാക്കുന്നതാണ്. എളിമയും, ദാരിദ്രവും, ക്ഷമാശീലവും കൈമുതലാക്കി മറ്റുള്ളവർക്ക് മാതൃകയാകേണ്ട ചാവറയച്ചന്റെയും, അൽഫോൻസാമ്മയുടെയും, കുഞ്ഞച്ചന്റെയും പിൻതലമുറക്കാർ അധികാര വടംവലികളിലും സ്വത്ത് തർക്കത്തിലും ഏർപ്പെട്ട് ഇളിഭ്യരാകുന്നത് കാണുമ്പോൾ ഒരു വിശ്വാസി എന്ന നിലക്ക് സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ്, തലകുനിച്ച് നിൽക്കേണ്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്.

വിശുദ്ധ ഗ്രന്ഥത്തിന്റെയും, യേശു ക്രിസ്തുവിന്റെ ജീവിത മാതൃകയും അടിസ്ഥാനമാക്കി സുവിശേഷ ദർശനങ്ങളിലൂടെ വിശ്വാസിയുടെ ആത്മീയ ജീവിതം പരിപോഷിപ്പിക്കാൻ നിയോഗിക്കപെട്ടവർ അത് മറന്ന് അധികാരങ്ങൾക്കായും, കച്ചവട താത്പര്യങ്ങാൾക്കായും തെരുവിൽ പോരടിക്കുന്നത് കാണുമ്പോൾ തകരുന്നതെന്തെന്ന് ഇക്കൂട്ടർ ആത്മവിചിന്തനം നടത്തുന്നത് നന്നായിരിക്കും. ജെറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടവാറിനടിച്ചോടിച്ച യേശു ക്രിസ്തുവിനെയാണ് നിങ്ങൾ സ്മരിക്കേണ്ടതെന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.

സഭാ വിശ്വാസികളെ... നിങ്ങളെ പോലെ തന്നെ യേശു ക്രിസ്തുവും കോപിഷ്ടനായതായി ബൈബിളിൽ പരാമർശിക്കുന്നത് ഒരേ ഒരു വേളയിലാണ്. അത്, തന്റെ പിതാവിന്റെ ആലയത്തെ "കച്ചവടസ്ഥലമാക്കി" മാറ്റിയവർക്കു നേരെയാണ്.

എന്നാൽ, സൂര്യനസ്തമിക്കുന്നതിനു മുന്നേ കോപം ശമിച്ചതായും അവരോട് രമ്മ്യപ്പെട്ടെന്നും വിശുദ്ധഗ്രന്ഥത്തിൽ പറയുന്നു.
അബദ്ധം സംഭവിച്ചെന്ന് സഭാ പിതാവ് തന്നെ തുറന്ന് പറയുമ്പോൾ വീണ്ടും അതിന്മേൽ നടത്തുന്ന വിഴുപ്പലക്കലുകൾ നമുക്ക് എന്ത് നേടിത്തരുമെന്ന് നാമും വിലയിരുത്തുക.

തന്നെ തള്ളി പറഞ്ഞ ശിഷ്യനോടും, ഈ ലോകത്തിന് ചിന്തിക്കുവാൻ കഴിയുന്നതിനുമപ്പുറം വേദനകൾ നൽകിയും, നിന്ദിച്ചും, കുരിശിൽ തറച്ചവർക്കുമായി "ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ" എന്ന് പിതാവായ ദൈവത്തോട് പ്രാർത്ഥിച്ച യേശു ക്രിസ്തുവിന്റെ അനുയായികളായ ഏവർക്കും ഇതെല്ലാം ക്ഷമിക്കുവാനും, പൊറുക്കുവാനും മനസ്സുണ്ടാവട്ടെ എന്ന് ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു.

നോമ്പ് കാലം തീർന്ന്, ഉയിർപ്പിന്റെ ഓർമ്മ ദിവസത്തിലേക്കെത്തുമ്പോൾ തെറ്റുകൾ തിരുത്തിയും, പരസ്പരം ക്ഷമിച്ചും പുതിയൊരു ഉണർവ്വോടെ മറ്റുള്ളവർക്ക് മാതൃകയാകുന്ന സഭയും, സഭാവിശ്വാസികളുമായി തീരട്ടെയെന്ന് ആശംസിക്കുന്നു.

പി.സി. ജോർജ്ജ്.
Share this News Now:
  • Google+
Like(s): 761