12 March, 2018 04:00:57 PM


കോട്ടയത്ത് നാലിടങ്ങളില്‍ അഗ്നിബാധ; 100 ഏക്കര്‍ പാടശേഖരം കത്തി നശിച്ചു

കാണക്കാരിയിലും കോതനല്ലൂരിലും മുട്ടുചിറയിലും അഗ്നിബാധ




കോട്ടയം: കോട്ടയം ഈരയില്‍കടവില്‍ പാടശേഖരത്തും കാണക്കാരിയിലും കോതനല്ലൂരിലും മുട്ടുചിറയിലും അഗ്നിബാധ. കാണക്കാരി പള്ളിപ്പടിയ്ക്കു സമീപവും കോതനല്ലൂരില്‍ വില്ലേജ് ഓഫീസിന് സമീപവും മുട്ടുചിറയില്‍ മേട്ടുംപാറ ഷാപ്പിനടുത്തുമാണ് തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് തീ പടര്‍ന്നത്. കാണക്കാരിയിലും കോതനല്ലൂരിലും ഇലക്ട്രിക് ലൈനില്‍ നിന്നും ചിതറിയ തീപ്പൊരിയാണ് അഗ്നിബാധയ്ക്ക് കാരണമായത്.


ഈരയില്‍കടവില്‍ നൂറ് ഏക്കറോളം വരുന്ന തരിശ് പാടശേഖരത്താണ് തീ പടര്‍ന്നത്.  രാവിലെ പത്ത് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. 10.40ന് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും അഗ്നിബാധയുണ്ടായ ഭാഗത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയാതിരുന്നത് തീ നിയന്ത്രണവിധേയമാക്കുന്നതിന് കാലതാമസമുണ്ടായി. നാട്ടുകാരുടെ സഹകരണത്തോടെ ബക്കറ്റില്‍ വെള്ളം കോരിയോഴിച്ചും മറ്റും മൂന്ന് മണിയോടെയാണ് തീ അണയ്ക്കാനായത്.


കാണക്കാരി പള്ളിപടിയില്‍ നിന്നും എം.സി.റോഡിലേക്കുള്ള പഞ്ചായത്ത് വഴിയരികില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ അഗ്നിബാധയില്‍ ഒന്നര ഏക്കര്‍ സ്ഥലം കത്തി നശിച്ചു. വാഴക്കാലായില്‍ റിക്കി ജോയിയുടെ ഒരു ഏക്കര്‍ സ്ഥലത്തും ചേര്‍ന്നു കിടക്കുന്ന വാഴക്കാലായില്‍ തെരേസാ ജോര്‍ജിന്‍റെ പുരയിടത്തിലുമാണ് തീ പടര്‍ന്നത്. നേരത്തെ ഇവിടെ റബ്ബര്‍ തോട്ടമായിരുന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നട്ടിരുന്ന കാട്ടുപയര്‍ പടര്‍ന്ന് കാടു പിടിച്ച സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. പുരയിടത്തിനു മുകളിലൂടെയുള്ള വൈദ്യുതി കമ്പികള്‍ കാറ്റത്തുലഞ്ഞ് കൂട്ടിമുട്ടിയപ്പോള്‍  തീപ്പൊരി ചിതറിയതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് സമീപവാസികള്‍ പറഞ്ഞു.


കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും ഇടുങ്ങിയ റോഡിലൂടെ വാഹനം കടന്നു പോകാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അയല്‍വാസികളുടെ കിണറ്റില്‍ നിന്നും വെള്ളം കോരിയൊഴിച്ച് തീ നിയന്ത്രണവിധേയമാക്കി. തീയണയ്ക്കാന്‍ ടാങ്കര്‍ ലോറിയിലും വെള്ളമെത്തിച്ചു. പിന്നാലെ കോട്ടയത്തുനിന്നും ചെറിയ ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. കാട് പിടിച്ച് കിടന്ന പറമ്പിലെ മരങ്ങള്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായി. കുറ്റികാട്ടിലുണ്ടായിരുന്ന ഉടുമ്പ്, കീരി, പാമ്പ്, മരപ്പട്ടി തുടങ്ങിയ ജീവികള്‍ തീ പടര്‍ന്നതോടെ കൂട്ടമായി മറ്റ് പറമ്പുകളിലേക്ക് പാലായനം ചെയ്യുന്നതും കാണാമായിരുന്നു.


കോതനല്ലൂര്‍ വില്ലേജ് ഓഫീസിനു സമീപം കുളമ്പള്ളിയില്‍ ചാണ്ടികുഞ്ഞിന്‍റെ പുരയിടത്തിലാണ് അഗ്നിബാധയുണ്ടായത്. വീടിനോട് ചേര്‍ന്ന് വിറകും ആക്രിസാധനങ്ങളും അടുക്കിവെച്ചിരുന്ന പത്ത് സെന്‍റ് സ്ഥലത്താണ് രണ്ട് മണിയോടെ അഗ്നിബാധയുണ്ടായത്. വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി വീണതാണെന്ന് പറയുന്നു. കടുത്തുരുത്തി മുട്ടുചിറ - കല്ലറ റോഡില്‍ മേട്ടുപാറ ഷാപ്പിനടുത്ത് വടക്കേ ഉപ്പൂട്ടിയില്‍ ഇട്ടികുഞ്ഞിന്‍റെ അര ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിലാണ്  അഗ്നിബാധയുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു അപകടം. കോതനല്ലൂരിലും മേട്ടുപാറയിലും നാട്ടുകാരോടൊപ്പം കടുത്തുരുത്തിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് തീ അണച്ചത്.



Share this News Now:
  • Google+
Like(s): 537