12 March, 2018 11:08:42 AM


കാട്ടുതീ: മരണസംഖ്യ 14 ആയി; പൊള്ളലേറ്റവരില്‍ പാലാ സ്വദേശിയും

27 പേരെ രക്ഷപ്പെടുത്തികുമളി: തേനി ജില്ലയിലെ കൊരങ്ങിനി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. കാട്ടുതീയില്‍പെട്ട് അഞ്ച് സ്ത്രീകള്‍ അടക്കം ഒന്‍പത് പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടത്തം സ്ഥിരീകരിച്ചു. എന്നാല്‍ 14 പേര്‍ മരിച്ചതായാണ് വനംവകുപ്പ് നല്‍കുന്ന അനൗദ്യോഗിക വിവരം. ഒമ്പതു പേര്‍ ഇപ്പോഴും കുടുങ്ങിക്കിടന്നുണ്ടെന്നാണ് സുചന. ഇതിനകം 27 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 17 പേരെ മധുര, തേനി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്തുപേരുടെ പൊള്ളല്‍ സാരമുള്ളതല്ല. 


സംഘത്തില്‍ മലയാളികള്‍ ഉണ്ടെങ്കിലും എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ല. കാട്ടില്‍ കുടുങ്ങിയ 25 വിദ്യാര്‍ത്ഥികളെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണ് എന്നാണ് വിവരം.വ്യോമസേനയും കമോന്‍ഡോകളും അടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ സജീവമായി രംഗത്തുണ്ട്. ചെന്നൈ ട്രക്കിങ് ക്ലബ്ബന്‍റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി എത്തിയ വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച വൈകിട്ട് ട്രക്കിംഗിനിടെ അപകടത്തില്‍പ്പെട്ടത്.


ഉണക്കപ്പുല്ലുകളിലും മരങ്ങളിലും തീ വേഗത്തില്‍ പടര്‍ന്നതോടെ കാടിനകത്ത് നിന്നും രക്ഷപ്പെടല്‍ അസാധ്യമായി. കൂട്ടത്തിലൊരാള്‍ വിവരം വീട്ടിലറിയിച്ചതോടെയാണ് വാര്‍ത്ത പുറംലോകത്തെത്തുന്നത്.വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ തുടങ്ങുകയുമായിരുന്നു. കേരളത്തില്‍ നിന്നുള്ള പോലീസ്, അഗ്നിശമനാ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സഹായങ്ങളുമായി രംഗത്തുണ്ട്. കാട്ടുതീയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ തേനി ജില്ലാ കളക്ടര്‍, മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കുരങ്ങിണി വനത്തില്‍ തീ പടര്‍ന്നത്. ചിതറിയോടിയ വിദ്യാര്‍ത്ഥികളുടെ സംഘം മലയിടുക്കില്‍ കുടുങ്ങിയതാണ് അപകടത്തിന് കാരണമായത്. വനയാത്രയ്ക്ക് പോയ 37 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഭൂരിപക്ഷം പേരും തമിഴ്നാട് സ്വദേശികളാണ്. എന്നാല്‍ ഇക്കൂട്ടില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. പരുക്കേറ്റ പലരും ഇപ്പോഴും വനത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ പുറത്ത് എത്തിക്കാനുള്ള നീക്കമാണ് നടന്ന് കൊണ്ടിരിക്കുന്നത്. അതേസമയം വനത്തിലെ തീ നിയന്ത്രണ വിധേയമായിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.


നിലവില്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ തീയില്‍ അകപ്പെട്ട് എണ്‍പത് ശതമാനത്തിലധികം പൊള്ളലറ്റവരാണ്. ഈ വിദ്യാര്‍ത്ഥികളില്‍ പലരുടേയും സ്ഥിതി അതീവ ഗുരുതരമാണ് എന്നാണ് അറിയുന്നത്. മലയിടുക്ക് പോലെ രക്ഷാപ്രവര്‍ത്തനം അസാധ്യമായ ഇടങ്ങളിലാണ് പലരും കുടുങ്ങിപ്പോയത് എന്നതാണ് ഇവരെ പുറത്ത് എത്തിക്കാന്‍ വൈകുന്നതിനുള്ള കാരണം.കാട്ടില്‍ പൊള്ളലേറ്റ് കുടുങ്ങിക്കിടക്കുന്നവരില്‍ സ്ത്രീകളുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോകള്‍ പലതും പുറത്ത് വന്നിട്ടുള്ളത് ദയനീയമായ കാഴ്ചകളാണ് കാട്ടിത്തരുന്നത്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട് പുറത്തെത്തിയ ഒന്‍പതോളം പേരെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച വൈകിട്ട് മുതല്‍ കാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. രാത്രി വൈകിട്ടും തീ അണയ്ക്കാനും കാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്ത് എത്തിക്കാനുമുള്ള ശ്രമങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ തുടര്‍ന്നു.


വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂടാതെ അഗ്നിശമന സേന, കമാന്‍ഡോകള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് വിശ്രമം ഇല്ലാതെ രക്ഷാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായ വേണ്ട നടപടികളെടുക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.


ചെന്നെയില്‍ നിന്നും തിരുപ്പൂര്‍, ഈറോഡ് ഭാഗങ്ങളില്‍ നിന്നും എത്തിയ വിനോദയാത്ര സംഘമാണ് കാട്ടുതീയില്‍ കുടുങ്ങിയത്. ചെന്നൈയില്‍ നിന്നും 24 പേരടങ്ങിയ സംഘം ഒരു ബസ്സിലും തിരുപ്പൂര്‍, ഈറോഡ് ഭാഗത്ത് നിന്നും 12 പേരടങ്ങിയ സംഘം മറ്റൊരു ബസ്സിലുമായാണ് തേനിയിലെത്തിയത്. ഇക്കൂട്ടത്തില്‍ 25 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട് എന്നാണ് വിവരം. ഐടി പ്രൊഫണലുകളും കോളേജ് വിദ്യാര്‍ത്ഥകളും അടങ്ങുന്നതാണ് വിനോദയാത്രാ സംഘം. ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ സംഘം കുരങ്ങിണി വനത്തിലെത്തിയത്.


തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ വഴിയാണ് സംഘം കുരങ്ങിണിയിലെത്തിയത്. ശേഷം രണ്ട് സംഘമായി പിരിഞ്ഞ ശേഷമായിരുന്നു വനത്തിനകത്തെ ട്രക്കിംഗ്. ഒരു സംഘം കൊടൈക്കനാല്‍-കൊളുക്കുമല വഴിയാണ് വനത്തിലേക്ക് കടന്നത്. എതിര്‍വശത്ത് കൂടി രണ്ടാമത്തെ സംഘം കുരങ്ങിണിയിലേക്ക് കടന്നു.ആദ്യസംഘം കുറങ്ങിണിയിലെത്തിയപ്പോള്‍ വൈകിട്ട് 5 മണിയായിരുന്നു സമയം. രണ്ടാമത്തെ സംഘം എത്തിയപ്പോഴേക്കും ആളിത്തുടങ്ങിയ കാട്ടുതീ നിമിഷങ്ങള്‍ കൊണ്ട് പടര്‍ന്നു. Share this News Now:
  • Google+
Like(s): 238