12 March, 2018 10:40:36 AM


കാട്ടു തീ: രക്ഷാപ്രവര്‍ത്തനം തുടരുന്നു



തേനി: കുരങ്ങിണി മലയിലെ കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വ്യോമസേനാ കമാന്‍ഡോകള്‍ രംഗത്ത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള വ്യോമസേനാ ഹെലികോപ്റ്റര്‍ കോയമ്പത്തൂരില്‍ നിന്ന് തേനിയിലെത്തി. കാട്ടുതീയില്‍ അകപ്പെട്ട ഏഴുപേരെ ഇനിയും കണ്ടെത്താന്‍ സാധിക്കാത്തത്തിനെ തുടര്‍ന്നാണ് വ്യോമസേനയുടെ സഹായം എത്തിയത്. 
വ്യോമസേനാ കമാന്ഡോകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായാണ് വിവരം. എട്ടുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മലയാളി അടക്കം 17 പേരെ പ്രദേശത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ട്രക്കിങ്ങിനെത്തിയവര്‍ ചിതറി ഓടിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണം. 

മീശപ്പുലിമലയുടെതാഴ്വാരമാണ് അപകടമുണ്ടായ സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരമുള്ള സ്ഥലമായതിനാല്‍ ഇവിടെ വളരെ വേഗം മഞ്ഞുവ്യാപിക്കുന്നത് സാധാരണയാണ്. ഇന്നലെ രാത്രി തീ പടര്‍ന്നുപിടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായതും പ്രതികൂല കാലാവസ്ഥയാണ്. അഞ്ചുപേര്‍ക്കാണ് 90 ശതമാനത്തോളം പൊള്ളലേറ്റതെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ പൊള്ളലുകളും ഗുരുതരമാണെന്നാണ് വിവരം. 

ആദ്യഘട്ടത്തിൽ രക്ഷപ്പെടുത്തിയ 10 പേര്‍ക്കൊഴികെ പിന്നീട് ആശുപത്രിയിലെത്തിച്ച എല്ലാവര്‍ക്കും വലിയ രീതിയില്‍ പൊള്ളലേറ്റിരുന്നു. കാട്ടുതീ വ്യാപിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ മലമുകളില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. ഇവരെ താഴെയെത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അതേസമയം കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി



Share this News Now:
  • Google+
Like(s): 107