12 March, 2018 07:48:09 AM


അലന്‍ അന്തിയുറങ്ങുന്നു, തീവണ്ടിയുടെ വാതില്‍ക്കലും ചവിട്ടുപടിയിലും

പാലക്കാട് : സ്കൂൾ വിട്ടാലുടനെ അലൻ ഓടിയെത്തുന്നത് റയിൽവേ സ്റ്റേഷനിലേക്ക്. എങ്ങോട്ടും പോകാനല്ല, ഓരോ രാത്രിയും തള്ളിനീക്കാന്‍. അന്തിയുറങ്ങാനുള്ള കോച്ച് തപ്പിയാണ് അലന്‍റെ യാത്ര. തീവണ്ടി കിട്ടിയാല്‍മാത്രം പോരാ, റെയില്‍വേ പോലീസോ മറ്റുള്ളവരോ കാണാതിരിക്കുകയും വേണം. 

തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനിലുമാണ് ഈ ആറാം ക്ലാസുകാരന്‍റെയും അമ്മയുടെയും അന്തിയുറക്കം. എന്നാലും ദിവസവും രാവിലെ പുതുപ്പരിയാരം എം.എം. സ്‌കൂളില്‍ പഠിക്കാനെത്തും. മിടുക്കനായി പഠിക്കും. ഭര്‍ത്താവിന്‍റെ പീഡനങ്ങളെത്തുടര്‍ന്നാണ് ആറുവര്‍ഷം മുമ്പ് എറണാകുളത്തെ വീടുവിട്ട് ഇറങ്ങിയതെന്ന് അലന്‍റെ അമ്മ പറഞ്ഞു. പാലക്കാട്ടാണ് ഇപ്പോഴെന്ന് അധികമാര്‍ക്കും അറിയില്ല. ഭര്‍ത്താവ് വീണ്ടും ഉപദ്രവിക്കാന്‍ എത്തുമോയെന്ന് പേടിയുണ്ടെന്നും ഇവര്‍ പറയുന്നു.

ആദ്യം പലയിടത്തും വീട്ടുജോലിചെയ്തു. ഒരു മഠത്തിലായിരുന്നു താമസം. ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ കാരണം കാര്യമായ ജോലി ചെയ്യാനാവുന്നില്ല. മഠത്തിലാക്കിയാല്‍ എങ്ങോട്ടെങ്കിലും പോകുമെന്ന് മകന്‍ കരഞ്ഞുപറഞ്ഞതോടെ ചെറിയ വാടകയ്ക്ക് മുണ്ടൂരില്‍ വീടെടുത്തു. മറ്റാരുമില്ലെന്ന് കണ്ടപ്പോള്‍ വീടിനുനേരേ സാമൂഹികവിരുദ്ധരുടെ ശല്യമായി. ഇത് വീട്ടുകാര്‍ക്കും പ്രശ്‌നമായി. വാടകകൊടുക്കാന്‍കൂടി പറ്റാതായതോടെ വീടൊഴിവാക്കി.


രണ്ടുമാസമായി ഒലവക്കോട് റെയില്‍വേ സ്റ്റേഷനുമുന്നില്‍ ഭാഗ്യക്കുറി വില്പനയാണ്. റോഡരികിലെ കച്ചവടം ഒഴിപ്പിച്ചതിനാല്‍ കുടപോലും വെയ്ക്കാനാവാതെ പൊരിവെയിലിലാണ് കച്ചവടം. വേനലായതോടെ പകല്‍ ലോട്ടറിക്കച്ചവടം കുറഞ്ഞു. വൈകീട്ട് മകന്‍ സ്‌കൂളില്‍നിന്നെത്തിയാല്‍ സമീപത്തെ കടകളിലുംമറ്റും ഇരിക്കും.


രാത്രി ഏതെങ്കിലും തീവണ്ടികളില്‍ തൃശ്ശൂര്‍വരെയോ കോയമ്പത്തൂര്‍വരെയോ പോവും. തൃശ്ശൂരില്‍ ചിലപ്പോള്‍ വനിതകള്‍ക്കായുള്ള കാത്തിരിപ്പുകേന്ദ്രത്തില്‍ ഉറങ്ങും. കോയമ്പത്തൂരില്‍ പ്ലാറ്റ്‌ഫോമിലുറങ്ങാന്‍ റെയില്‍വേ സംരക്ഷണസേന അനുവദിക്കില്ല.


മകനെ മടിയില്‍ കിടത്തിയുറക്കി ഇരുന്ന് നേരംവെളുപ്പിക്കുകയാണ് പതിവ്. രാവിലെ തിരിച്ചെത്തും. പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ കുറച്ചുനാള്‍ കഴിഞ്ഞു. സ്ഥിരമായതോടെ സുരക്ഷാജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അമ്മയും അച്ഛനും തമ്മിലുള്ള പ്രശ്‌നമൊന്നും അലന് അറിയില്ല. പക്ഷേ, ഒരുകാര്യം അവന് മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്, റെയില്‍വേ സ്റ്റേഷനില്‍വെച്ച് അമ്മ തന്നെ കുളിപ്പിച്ച് ഒരുക്കി സ്‌കൂളിലേക്ക് വിടുന്നത് മറ്റൊരിടം ഇല്ലാത്തതുകൊണ്ടാണെന്ന്.


സ്‌കൂളിലെ കാര്യങ്ങളും ഭക്ഷണവും യൂണിഫോമും യാത്രയുമെല്ലാം സ്‌കൂള്‍ അധികൃതരാണ് നോക്കുന്നത്. വൈകീട്ടത്തേക്കുള്ള ഭക്ഷണം കൊടുത്തുവിടുന്നുണ്ടെന്നും സ്‌കൂള്‍ പ്രധാനാധ്യാപിക സി.ആര്‍. പ്രീത പറഞ്ഞു.


കടപ്പാട് - മാതൃഭൂമിShare this News Now:
  • Google+
Like(s): 238