10 March, 2018 11:52:56 AM


റിസര്‍വ്വ് ബാങ്കിന്‍റെ പേരില്‍ വന്‍ തട്ടിപ്പ്; സംഘാംഗങ്ങളില്‍ ഒരാളുടെ വിവരങ്ങൾ പുറത്ത്

എടിഎം കാര്‍ഡ്, അക്കൗണ്ട് വിവരങ്ങള്‍ ഫോണില്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പ്




കോട്ടയം: ആർബിഐ മുംബൈയിൽ നിന്നുമാണെന്ന് പറഞ്ഞ് എടിഎം കാർഡിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന തട്ടിപ്പ് സംഘത്തിൽ പെട്ട ഒരാളുടെ വിവരങ്ങൾ പുറത്ത്. എടിഎം കാർഡ് ബ്ലോക്കായെന്ന് പറഞ്ഞ് പാലാ സ്വദേശിയും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ എബി ജോസിന്‍റെ കാർഡിന്‍റെ വിവരങ്ങൾ തിരക്കിയ പശ്ചിമ ബംഗാൾ സ്വദേശിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തായത്. എബി നൽകിയ മറുപടിയിലൂടെ ലക്ഷ്യം നടക്കില്ലെന്നു ബോധ്യപ്പെട്ട് വിളിച്ചയാൾ അപ്പോൾ തന്നെ കോൾ കട്ടാക്കിയിരുന്നു.

ഈ വിവരം എബി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്നു തട്ടിപ്പിന് ഉപയോഗിച്ച 7029271898 എന്ന നമ്പരിലേയ്ക്ക് ഒട്ടേറെ പേർ തുടർച്ചയായി വിളിച്ചുവെങ്കിലും ആളെ തിരിച്ചറിയാനായില്ല. ട്രൂ കോളറിൽ തെളിയുന്നത് ആർബിഐ ബാങ്ക് മുബൈ എന്നുമായിരുന്നു. പിന്നാലെയാണ് ആധാറുമായി മൊബൈൽ ബന്ധിപ്പിക്കണമെന്ന സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള പരീക്ഷണം നടത്തിയത്. ഡിജിറ്റൽ ഇന്ത്യ -  ആധാർ ലിങ്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തി 5 മിനിറ്റു കൊണ്ട് വിളിച്ച ആളെ കുറിച്ച് കുറച്ച് വിവരങ്ങൾ ലഭിച്ചു.


റിലയന്‍സ് ജിയോ മൊബൈല്‍ സിം ഉപയോഗിച്ചാണ് വിളിച്ചതെന്നും പശ്ചിമബംഗാൾ സ്വദേശി സെയ്ദ് മാഥുർ റഹ്മാൻ എന്നയാളാണ് സിം കാര്‍ഡിന്‍റെ ഉടമയെന്നും മനസിലാക്കി. 658526403628 എന്ന ആധാര്‍ നമ്പറിലുള്ള ഇയാളുടെ ജനനവര്‍ഷം 1964 (54 വയസ് പ്രായം) എന്നാണെന്നും തെളിഞ്ഞു. സ്പാം കോൾ വിളിക്കാൻ ഉപയോഗിക്കുന്ന സിം കാർഡായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ഒരു വന്‍ സംഘം ഇന്ത്യയുടെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ മാത്രമാണ് ഇയാള്‍. സെയ്ദ് മാഥുർ റഹ്മാൻ എന്നയാളുടെ പേരിലുള്ള സിം ആണെങ്കിലും തട്ടിപ്പിന് പിന്നില്‍ ഇയാള്‍ തന്നെയാണോ എന്നറിയാന്‍ വിശദമായ ഒരു അന്വേഷണം വേണ്ടിവരും. ഇപ്പോള്‍ ലഭിച്ച വിവരങ്ങളിലൂടെ ഇയാളെ പിടികൂടാനായാല്‍ എടിഎം തട്ടിപ്പ് നടത്തുന്ന വിദേശികള്‍ ഉള്‍പ്പെടുന്ന വലിയൊരു സംഘത്തെ തന്നെ വലയിലാക്കുവാന്‍ സാധിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 

എന്നാല്‍ ആരെങ്കിലും തട്ടിപ്പിന് വിധേയമായാല്‍ മാത്രം അന്വേഷണം നടത്തുന്ന അധികൃതര്‍ ഇത്തരം ഒരു ഫോണ്‍ കോളിന്‍റെ വെളിച്ചത്തില്‍ നടപടിയെടുക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. നടപടി ഉണ്ടായാലും ഇല്ലെങ്കിലും തനിക്കുണ്ടായ അനുഭവങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് എബി ജോസ് പറയുന്നു.



Share this News Now:
  • Google+
Like(s): 198