08 March, 2018 10:17:51 PM


കുമ്പളത്ത് വീപ്പയിൽ കണ്ടെത്തിയ മൃതദേഹം ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടേത്

തിരിച്ചറിഞ്ഞത് ഇടത് കണങ്കാലിൽ കണ്ടെത്തിയ പിരിയാണി മൂലം




കൊച്ചി: കുമ്പളത്ത് വീപ്പയിൽ കണ്ടെത്തിയ മൃതദേഹം ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടേതെന്ന് സ്ഥിരീകരണം. ഇത് സംബന്ധിച്ച് നടത്തിയ ഡി.എൻ.എ.ഫലം പുറത്ത് വന്നതോടെയാണ് സ്ഥിരീകരണമായത്. കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ആലപ്പുഴയിലെ പാം ഫൈബർ കമ്പനിയുടെ കൂമ്പളത്തെ ഒഴിഞ്ഞ പറമ്പിൽ വീപ്പയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്ലാസ്റ്റിക്ക് വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വരെ പോലീസ് വ്യാപിപ്പിച്ചിരുന്നു. മൃതദേഹത്തിന്റെ ഇടത് കണങ്കാലിൽ കണ്ടെത്തിയ പിരിയാണി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആളെ തിരിച്ചറിയാൻ കാരണമായത്. പൂനെയിലെ എസ്.എച്ച്.പിറ്റ്കാർ കമ്പനിയാണ് ഈ പിരിയാണിയുടെ ഉൽപ്പാദകരെന്നും, കമ്പനി കേന്ദ്രീകരിച്ച് പിരിയാണി വാങ്ങിയിട്ടുള്ള ആസ്പത്രികളുടെ ലിസ്റ്റും പോലീസ് ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു.


അന്വേഷണത്തെ  തുടർന്ന് രണ്ട് വർഷം മുമ്പ് തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആസ്പത്രിയിൽ ഓപ്പറേഷൻ നടത്തി ആറ് പേർക്ക് ഇത്തരം പിരിയാണി ഘടിപ്പിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് പേരെ പോലീസ് കണ്ടെത്തി. ഒരാൾ ഉദയംപേരൂർ തേരയ്ക്കൽ ശകുന്തളയാണെന്നും പോലീസിന് വിവരം ലഭിച്ചു. വർഷങ്ങൾക്ക് മുമ്പുണ്ടായ സ്ക്കൂട്ടർ അപകടത്തെ തുടർന്നാണ് ഇവർക്ക് ഓപ്പറേഷൻ നടത്തി പിരിയാണി ഘടിപ്പിച്ചതെന്നും വിവരം ലഭിച്ചു.

എന്നാൽ ഇവർ ഇപ്പോൾ ബോംബെയിലാണെന്നും, ജീവനോടെയുണ്ടെന്നുമുള്ള വിവരമാണ് പോലീസിന് ആദ്യം ലഭിച്ചത്. തുടർന്ന് വീപ്പയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതല്ലായിരിക്കാം എന്ന നിഗമനത്തിലും പോലീസ് എത്തിയിരുന്നു. പിന്നീട് നടത്തിയ ഡി.എൻ.എ. പരിശോധന ഫലത്തിന്റെ അടിസ്ഥാന്നത്തിൽ മൃതദേഹം ശകുന്തളയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്നും, മറ്റുമുള്ള വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും ഈ കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന സൗത്ത് സി.ഐ.സിബി ടോം പറഞ്ഞു.

- ഉണ്ണികൃഷ്ണന്‍ പനങ്ങാട്



Share this News Now:
  • Google+
Like(s): 99