08 March, 2018 12:03:20 PM


ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ല; മുന്‍ പട്ടിക സര്‍ക്കാര്‍ തിരുത്തി

ജയിലില്‍ നല്ല നടപ്പ് പാലിക്കുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്



തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സുപ്രധാനമായ പല കേസുകളിലേയും പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശിപാര്‍ശ ചെയ്യുന്ന പട്ടിക സര്‍ക്കാന്‍ പുനഃപരിശോധിച്ചു. ടി.പി ചന്ദ്രശേഖരന്‍, ചന്ദ്രബോസ് വധക്കേസുകളിലെ പ്രതികള്‍ അടക്കം കുപ്രസിദ്ധമായ പല കേസുകളിലേയും പ്രതികള്‍ അടക്കം 1850 ഓളം പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തത്. ആറു മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ഇളവ് നല്‍കാനായിരുന്നു ശിപാര്‍ശ. എന്നാല്‍ സുപ്രീം കോടതി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പട്ടിക തിരിച്ചയക്കുകയായിരുന്നു.


കേരള പിറവിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗാമായായിരുന്നു തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കായി ജയില്‍ വകുപ്പ് പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ഇത് വിവാദമായതോടെ പട്ടിക തിരിച്ചുവിളിച്ച സര്‍ക്കാര്‍ മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയില്‍ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയെ പുനഃപരിശോധനയ്ക്ക് നിയോഗിച്ചു. ഈ സമിതിയാണ് പുതിയ പട്ടിക സമര്‍പ്പിച്ചത്. ഇതില്‍ 740 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയ്ക്ക് ഇനി ഗവര്‍ണര്‍ അംഗീകാരം നല്‍കേണ്ടതുണ്ട്.


മുന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 300 ല്‍ ഏറെ പേര്‍ ഇതിനകം തന്നെ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. പട്ടിക വിശദമായി പരിശോധിച്ച്‌ കൊടും ക്രിമിനല്‍ സ്വഭാവമുള്ളവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഗുരുതരമായതും പ്രമാദവുമായ കേസുകളില്‍ പെട്ടവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സ്ഥിരം കുറ്റവാളികളെയും വാടക കൊലയാളികളെയും ഒഴിവാക്കിയിട്ടുണ്ട്. ജയിലില്‍ നല്ല നടപ്പ് പാലിക്കുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


കൊടി സുനി, കെ.സി രാമചന്ദ്രന്‍ കുഞ്ഞനനന്തന്‍, അണ്ണന്‍ സിജിത്, സുനില്‍ കുമാര്‍, റഫീഖ്, കിര്‍മാണി മനോജ്, ഷിനോട് തുടങ്ങി ടി.പി കേസിലെ 11 പ്രതികള്‍ക്കാണ് സര്‍ക്കാര്‍ നേരത്തെ ശിക്ഷാ ഇളവിന് ശിപാര്‍ശ ചെയ്തത്. കല്ലുവാതുക്കല്‍ മദ്യ ദുരന്തകേസിലെ പ്രതി മണിച്ചന്‍, ചന്ദ്രബോസ് കേസിലെ പ്രതി നിഷാം, കാരണവര്‍ വധക്കേസിലെ പ്രതി ശഷറിന്‍, അപ്രാണി കൃഷ്ണകമാര്‍ വധക്കേസിലെ പ്രതി ഓം പ്രകാശ് തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ജയില്‍ വകുപ്പില്‍ നിന്ന് വിവരാവകാശ രേഖപ്രകാരമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്.



Share this News Now:
  • Google+
Like(s): 414