07 March, 2018 10:31:56 PM


പ്രിയ പാടുകയാണ്... കനിവിന്‍റെ പാട്ടുകള്‍...

ഈശ്വരന്‍ നല്‍കിയ സിദ്ധി ഈശ്വരനു പ്രിയമുള്ളവര്‍ക്ക് വേണ്ടി നല്‍കുകയാണ് പ്രിയ
ചുട്ടു പൊള്ളുന്ന വെയിലിലും തന്‍റെ അസുഖം വക വെയ്ക്കാതെ പ്രിയ പാടുകയാണ്. കനിവിന്‍റെ പാട്ടുകള്‍. ബസ് സ്റ്റോപ്പുകളില്‍ ഒരു കുടയുടെ തണല്‍ പോലുമില്ലാതെ പാടുന്ന പെണ്‍കുട്ടിയുടെ ചിത്രം ആരോ സോഷ്യല്‍ മീഡിയായില്‍ ഇടുകയും അത് വൈറലാകുകയും ചെയ്തതോടെയാണ് പ്രിയ സുമേഷ് എന്ന കലാകാരിയുടെ നല്ല മനസ് പുറംലോകം അറിഞ്ഞുതുടങ്ങിയത്. മനുഷ്യമനസ്സില്‍ സ്നേഹവും കാരുണ്യവും ഇനിയും വറ്റിയിട്ടില്ലെന്നു പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് പ്രിയ. 

പ്രിയ പാതയോരത്തെ പാട്ടുകാരിയായത്‌ സ്വന്തം കുടുംബം നോക്കാനല്ല. നിര്‍ധനരായവരുടെ പിഞ്ചോമനകളുടെ ചികിത്സയ്ക്ക് ധനം സമാഹരിക്കാനാണ്. ഈശ്വരന്‍  കനിഞ്ഞു നല്‍കിയ സിദ്ധി ഈശ്വരനു പ്രിയമുള്ളവര്‍ക്ക്  വേണ്ടി നല്‍കുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് പ്രിയുടെ ഈശ്വരസമര്‍പ്പണമാണ്‌. തന്‍റെ മനോഹരമായ ശബ്ദത്തിലൂടെ ഇതിനോടകം ഒമ്പത് രോഗികള്‍ക്ക് സഹായഹസ്തം നീട്ടുവാന്‍ പ്രിയയ്ക്ക് കഴിഞ്ഞു. ഏഴ് പിഞ്ചുകുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും. പ്രാര്‍ത്ഥന എന്ന കുട്ടിക്ക് ധനസഹായം നല്‍കാനാണ് പ്രിയ തെരുവില്‍ പാടാനിറങ്ങിയത്. രണ്ടര ലക്ഷം രൂപ പ്രാര്‍ത്ഥനയ്ക്കായി സമാഹരിച്ചു നല്‍കി. 

തുടര്‍ന്ന് പലരും സഹായം ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ പറ്റാതായി. അങ്ങനെ പ്രിയ വീണ്ടും പാടി. അതിലൂടെ സഹായം ലഭ്യമായ അനന്യ, പാര്‍വതി, വൈജിത്, ദേവനന്ദ, ആര്യ, ജീവന്‍ എന്നീ പിഞ്ചുകുട്ടികളുടെ രക്ഷിതാക്കളും അനീഷ്, റോബിന്‍ എന്നിവരും പ്രിയയെ ഒരു മാലാഖയായാണ് കാണുന്നത്.  ഏറെ തട്ടിപ്പ് നടക്കുന്ന ഒരു മേഖലയിലേക്ക് നല്ല ഉദ്ദേശത്തോടെ കടന്നുവന്ന പ്രിയയ്ക്ക് ഇതിനോടകം കയ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ പ്രിയയുടെ സന്മനസിനു മുന്നില്‍ അവയെല്ലാം അലിഞ്ഞില്ലാതായി.  കുട്ടികളുടെ രോഗവിവരങ്ങള്‍ ഫേസ്ബുക്കിലിടുന്നതു വഴിയും സഹായങ്ങള്‍ ലഭ്യമാക്കാറുണ്ടെന്ന് പ്രിയ പറയുന്നു. ശേഖരിക്കുന്ന പണം പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങി ആരെയെങ്കിലും  സാക്ഷിയാക്കിയാണ് കൈമാറുക. എവിടെ പരിപാടി നടത്തിയാലും പോലീസിന്‍റെ അനുമതിയും പിന്തുണയുമുണ്ടാവും.  

പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി തെരുവില്‍ "ആടിവാ കാറ്റേ..." എന്ന പാട്ട് പ്രിയ പാടിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ഗാനത്തോടെയാണ് പ്രിയ  ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.  അച്ഛന്‍ മനോഹരമായി പാടുമായിരുന്നു എന്നതൊഴിച്ചാല്‍ മറ്റു കാരണങ്ങള്‍ ഒന്നും തന്നെയില്ല പ്രിയയെ ഗായികയാക്കാന്‍. തന്നിലൊരു ഗായികയുണ്ടെന്ന് അറിഞ്ഞിട്ടും സംഗീതാഭ്യസനത്തിനു മുതിര്‍ന്നതുമില്ല. ശാസ്ത്രീയമായി പഠിക്കുകയും ചാനലുകളിലും മറ്റു മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്യുക പ്രിയയുടെ ചിന്തകളില്‍പ്പോലുമില്ലായിരുന്നു. എന്നാല്‍ താനറിയാതെ തന്നില്‍ സാന്ദ്രമായ സംഗീതത്തെ മനുഷ്യനന്മയ്ക്ക് ഉപകാരപ്പെടുത്തുക എന്ന മഹത്തായ മനുഷ്യത്വപരമായ കാര്യമാണ് ഇപ്പോള്‍ പ്രിയ ചെയ്തുകൊണ്ടിരിക്കുന്നത്.


പ്രിയയുടെ സന്മനസിന് എല്ലാവിധ പിന്തുണയുമായി ഭര്‍ത്താവ് സുമേഷ് കൂടെയുണ്ട്. ഒരു പഴയ കാറുണ്ട്. സൗണ്ട് സിസ്റ്റം കുറഞ്ഞ നിരക്കില്‍ വാടകയ്ക്കെടുക്കും. ഭര്‍ത്താവിനോടും മറ്റ് കലാകാരന്മാരോടുമൊപ്പം 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങും 12 മണിയോടെ ആരംഭിക്കുന്ന ഗാന പരിപാടി രാത്രി 8 മണി വരെയൊക്കെ നീളാറുണ്ട്. ബക്കറ്റുമായി നടന്ന് പിരിക്കാറില്ല. തങ്ങള്‍ പറയുന്നതും ബാനറില്‍ എഴുതിയിരിക്കുന്നത് വായിച്ചും ആളുകള്‍ ഇടുന്ന പണമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിയ പറയുന്നു. ചൊവ്വാഴ്ച കൊച്ചി തോപ്പുപടിയിലായിരുന്നു പ്രിയ പാടിയത്. പാലക്കാട് ഷൊര്‍ണൂര്‍ വാടാനംകുറിശി സ്വദേശിയായ ദമ്പതികളുടെ രണ്ട് വയസുള്ള മകള്‍ മഹിമയ്ക്കു വേണ്ടിയാണ് പ്രിയ ഇപ്പോള്‍ പാടുന്നത്.

കോഴിക്കോട് സ്വദേശിനിയായ പ്രിയ വിവാഹത്തിനുശേഷം ഭര്‍ത്താവ് സുമേഷിനൊപ്പം ഇപ്പോള്‍ എറണാകുളം എളമക്കരയിലാണ് താമസം. തലച്ചോറിനെ ബാധിച്ച പിറ്റ്യൂറ്ററി അഡിനോമാ എന്ന അസുഖത്തെ തുടര്‍ന്ന് താന്‍ അനുഭവിച്ച വേദനകളാണ് പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കൂടിയുള്ളതാവണം ജീവിതം എന്ന തീരുമാനത്തില്‍  തന്നെ എത്തിച്ചതെന്ന് പ്രിയ പറയുന്നു. ഒപ്പം കാന്‍സര്‍ ബാധിതയായി മരിച്ച സഹോദരിയുടെ ഓര്‍മ്മകളും. തന്‍റെ അസുഖം മാറുവാന്‍ ഓപ്പറെഷന്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ചിലപ്പോള്‍ ശബ്ദമോ കാഴ്ചയോ നഷ്ടപ്പെട്ടേക്കാമെന്നും. മരുന്നിന്‍റെ പാര്‍ശ്വഫലമായി നല്ല ക്ഷീണവും തലകറക്കവും അനുഭവപ്പെടാറുണ്ട്. അങ്ങനെ വരുമ്പോള്‍ മരുന്ന് നിര്‍ത്തും. ചിലപ്പോള്‍ നല്ല തലവേദനയും. അപ്പോള്‍ ഒരു കുത്തിവെയ്പ് എടുത്ത് താല്‍ക്കാലികാശ്വാസം നേടും. ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയുന്നിടത്തോളം മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് ഈ ജീവിതം തുടരട്ടെ എന്നാണ് പ്രിയയുടെ പക്ഷം.


ഒന്നര വര്‍ഷമേ ആകുന്നുള്ളു പ്രിയ തെരുവില്‍ പാടി തുടങ്ങിയിട്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി പാട്ടുപാടുന്ന ഗായകസംഘങ്ങളോട് താനും ഒരു പാട്ട് പാടിക്കോട്ടെ എന്നു ചോദിച്ച്കൊണ്ടായിരുന്നു പ്രിയയുടെ തുടക്കം. പ്രതിഫലേച്ഛയില്ലാതെ ഇങ്ങനെ പലയിടത്തും പാടി. അവസാനം സുമേഷുമായി ആലോചിച്ച് പ്രിയ നേരിട്ട് തെരുവിലിറങ്ങുകയായിരുന്നു. തന്‍റെ ഗുരുസ്ഥാനത്ത് കാണുന്ന സംഗീതജ്ഞനും എഞ്ചിനീയറുമായ കലൂര്‍ സ്വദേശി അജിത് വിശ്വനാഥന്‍റെ പ്രേരണയും പ്രിയയ്ക്ക് ബലമേകി. ഈ പ്രോഗ്രാമിന് സ്വരമഞ്ജരി എന്ന പേരും ഇദ്ദേഹമാണിട്ടത്. ഭര്‍തൃസഹോദരിയായ സംഗീതാദ്ധ്യാപിക ജിജി പ്രിയയുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാന്‍ എല്ലാവിധ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. 

പ്രിയ ഒരു അഭിനേത്രി കൂടിയാണ്. 'എന്‍റെ ചോറ്റാനിക്കര അമ്മ', 'എന്‍റെ പ്രണയതൂലിക', 'ഒണം പൊന്നോണം' എന്നീ ആല്‍ബങ്ങളിലും 'ഇതു തോറ്റു പോയവന്‍റെ കഥ' , 'തട്ടിം മുട്ടിം' തുടങ്ങിയ എന്ന ഷോര്‍ട്ട് ഫിലിമികളിലും 'കുന്തം' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പട്ടുറുമ്മാല്‍ എന്ന ആല്‍ബത്തില്‍ പാടി അഭിനയിക്കുകയും ചെയ്തു. കഴിഞ്ഞയിടെ എറണാകുളം മേനക ജംഗ്ഷനില്‍ പാടവെ അതുവഴി കടന്നുപോയ ഗായകന്‍ മധു ബാലകൃഷ്ണന്‍ വണ്ടി നിര്‍ത്തിയിറങ്ങി പ്രിയയോടൊപ്പം രണ്ട്മൂന്ന് പാട്ടുകള്‍ പാടി. ഒപ്പം പ്രിയയെ അനുമോദിക്കുകയും ചെയ്തു. പ്രിയയുടെ കാരുണ്യപ്രവൃത്തികള്‍ മനസിലാക്കിയ മസ്കറ്റിലെ മലയാളിസംഘടന രണ്ടാഴ്ച മുമ്പ് മോഹന്‍ലാലിന്‍റെ വിസ്മസന്ധ്യ എന്ന പരിപാടിയില്‍  ഗസ്റ്റ് ഓഫ് ഓണര്‍ ആയി പ്രിയയെ ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. 

കലാഭവന്‍ ഉള്‍പ്പെടെ ഒട്ടനേകം മ്യൂസിക് ഗ്രൂപ്പുകളില്‍ പാടിയിട്ടുള്ള പ്രിയ 2016ല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ആര്‍ട്സ് ആന്‍റ് മെഡിസിന്‍ പരിപാടിയില്‍ നിറസാന്നിദ്ധ്യമായിരുന്നു. ആരുമില്ലെന്ന് ഉറപ്പിച്ച കുരുന്നുമനസുകളിലേക്ക് കരുതലിന്‍റെ തലോടലുമായി അനാഥാലയങ്ങളിലും തന്‍റെ പാട്ടുമായി പ്രിയ എത്തുന്നു. സിനിമയില്‍ ഒരു പാട്ട് പാടണമെന്നതാണ് പ്രിയയുടെ ഏറ്റവും വലിയ ആഗ്രഹം.

പാതവക്കില്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന അശിക്ഷിതമായ പാട്ടുപോലെയല്ല. സംഗീതമഭ്യസിച്ചിട്ടില്ലെങ്കിലും നല്ലൊരു പ്രഫഷണല്‍ ഗായികയുടെ നിലവാരമുണ്ട് പ്രിയയുടെ പാട്ടിന്. കാതടിപ്പിക്കുന്ന അടിച്ചുപൊളി പാട്ടുകള്‍ക്കല്ല, മറിച്ച് കാറ്റിനൊപ്പം മൃദുലമായി ഒഴുകിയെത്തുന്ന പഴയ കാല മെലഡി ഗാനങ്ങള്‍ക്കാണ് പ്രിയ മുന്‍തൂക്കം നല്‍കുന്നതും. ശബ്ദം വിറ്റു ജീവിക്കുന്ന ഗായകരുടെ ഇടയില്‍ മറ്റുള്ളവര്‍ക്കു വേണ്ടി ശബ്ദം വില്‍ക്കുന്ന പ്രിയയുടെ നിസ്വാര്‍ഥതയ്ക്ക് സമൂഹം വലിയ തോതിലുള്ള പ്രചാരവും പിന്തുണയുമാണ് നല്‍കുന്നത്.

- ഉണ്ണികൃഷ്ണന്‍ പനങ്ങാട്Share this News Now:
  • Google+
Like(s): 919