07 March, 2018 12:19:04 PM


അഭയക്കേസ്: ഫാ.പൂതൃക്കയിലിനെ ഒഴിവാക്കി; ഫാ.കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

മൂവരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി



തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതേസമയം മറ്റ് രണ്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു.


പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. ഇന്നലെയായിരുന്നു ഈ കേസ് വിധിപറയാന്‍ വച്ചിരുന്നത്. എന്നാല്‍ വിധിപറയുന്നത് ഇന്നത്തേക്ക് കോടതി മാറ്റിവയ്ക്കുകയായിരുന്നു.മൂന്ന് പ്രതികള്‍ക്കെതിരെയും ആവശ്യത്തിന് തെളിവുകളുണ്ടെന്നും എല്ലാവരും വിചാരണ നേരിടണമെന്നുമായിരുന്നു കേസ് അന്വേഷിച്ച സിബിഐയുടെ വാദം. എന്നാല്‍ ഫാദര്‍ ജോസ് പൂതൃക്കയിലിനെതിരേ തെളിവില്ലെന്ന് കണ്ടെത്തിയാണ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.


പ്രതികളെ നാര്‍ക്കോ അനാലിസിസ് പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും സാക്ഷിമൊഴികള്‍ വിശദമായി പരിശോധിക്കുകയും ചെയ്തശേഷമാണ് കുറ്റപത്രം മൂന്ന് പ്രതികള്‍ക്കുമെതിരേ ചുമതത്തിയത്. എന്നാല്‍ ഈ കുറ്റപത്രത്തില്‍ നിന്ന് ഫാദര്‍ ജോസ് പൂതൃക്കയിലിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് മൂന്ന് പ്രതികളും വിടുതല്‍ ഹര്‍ജി നല്‍കിയത്.


ഇതേസമയം, അഭയക്കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെതിരേ അന്വേഷണം നടത്താന്‍ സിബിഐ കോടതി അന്വേഷണസംഘത്തിന് അനുമതി നല്‍കിയിരുന്നു. മൈക്കളിനെ കേസില്‍ നാലാം പ്രതിയാക്കാനാണ് കോടതി അനുമതി നല്‍കിയത്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ സിബിഐ കോടതി അനുമതി നല്‍കിയത്. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്.


1992ല്‍ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കോളെജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.



Share this News Now:
  • Google+
Like(s): 124