05 March, 2018 12:49:41 PM


മലപ്പുറത്തെ അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു

ക്ഷീരോല്‍പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തതമലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച അഗ്രോ സ്പെയ്സ് കാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള ആടും കൂടും പദ്ധതി വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. ക്ഷീരോല്‍പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തതയിലെത്തുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാവുന്നതാണ് പ്രസ്തുത പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.


കേരളത്തിന്‍റെ പാരമ്പര്യ സംസ്കാരമായ കൃഷി സംസ്ഥാനത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കൃഷിയെ ആശ്രയിച്ച്‌ ജീവിച്ചിരുന്ന സമൂഹം കാര്‍ഷിക രംഗം കൈവെടിയുമ്പോള്‍ മൃഗസംരംക്ഷണ രംഗത്തും ക്ഷീരോല്‍പാദനത്തിനും പ്രചോദനം നല്‍കുന്ന ഇത്തരം കാല്‍വെപ്പുകള്‍ പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


ശുദ്ധ വായുവും ശുദ്ധ ജലവും മനുഷ്യന്‍റെ നിലനില്‍പ്പിന് അനിവാര്യമാണ്. അത് നിലനിര്‍ത്താന്‍ ജൈവവൈവിധ്യങ്ങള്‍ കാത്തു സംരക്ഷിക്കണം. അതിനായുള്ള കൂട്ടമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഅ്ദിന്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.


നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ആടും ആട്ടിന്‍കൂടും വിതരണം ചെയ്യുന്ന സംരംഭമാണ് വൈസനിയം ആടും കൂടും പദ്ധതി. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അഞ്ഞൂറ് കുടുംബങ്ങള്‍ക്കാണ് ആടും കൂടും വിതരണം ചെയ്യുന്നത്. ചടങ്ങില്‍ ക്ഷീരോല്‍പാദന, മൃഗ സംരക്ഷണ രംഗത്ത് മികച്ച മാതൃകകള്‍ സൃഷ്ടിച്ച തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് മന്ത്രി വൈസനിയം അവാര്‍ഡ് സമ്മാനിച്ചു.


സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ ഫറോക്ക്, താജ് മന്‍സൂര്‍ വലിയാട്, മോഹനന്‍ താനൂര്‍, ശാഹുല്‍ ഹമീദ് കരേക്കാട്, യുസുഫ് അലി എം.കെ കരേക്കാട്, നൗഷാദ് മേലേത്തൊടി വേങ്ങര, ഭാസ്കരന്‍ കാവുങ്ങല്‍, മുഹമ്മദ് അബ്ദുറഹ്്മാന്‍ ഓമാനൂര്‍, മുജീബ് ആലിന്‍ചുവട് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.


കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് 2009ലെ മഅ്ദിന്‍ അക്കാദമിയുടെ പന്ത്രണ്ടാം വാര്‍ഷികാഘോഷമായ എന്‍കൗമിയത്തോടെ ആരംഭിച്ച വിവിധ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വിത്തുകളും കാര്‍ഷികോപകരണങ്ങളും വിതരണം ചെയ്തിരുന്നു. അതിന്‍റെ തുടര്‍ച്ചയായി വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന അഗ്രോ സ്പെയ്സ് കാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ദിവസം സ്വലാത്ത് നഗറില്‍ തുടക്കമായി.


ആദ്യഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള വാഴക്കന്ന് വിതരണവും മട്ടുപ്പാവ് കൃഷിയുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ആടും കൂടും പദ്ധതി നടപ്പിലാക്കുന്നത്. അഗ്രോ സ്പെയസ് പദ്ധതിയുടെ ഭാഗമായി നിരവധി കാര്‍ഷിക, സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് വൈസനിയം സമ്മേളന കാലയളവില്‍ തുടക്കമാകും.


ചടങ്ങില്‍ പി ഉബൈദുല്ല എം എല്‍ എ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാറലി സഖാഫി, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, സഈദ് ഊരകം എന്നിവര്‍ സംസാരിച്ചു.Share this News Now:
  • Google+
Like(s): 210