04 March, 2018 10:04:22 PM


കര്‍ഷകര്‍ക്ക് അനുവദിച്ച പണം നല്‍കാതിരിക്കാന്‍ പുതിയ അടവുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍

ഏറ്റുമാനൂര്‍ തെള്ളകം പാടശേഖരത്തെ കര്‍ഷകരെയാണ് ഉദ്യോഗസ്ഥര്‍ വട്ടം കറക്കുന്നത്ഏറ്റുമാനൂര്‍ : കാര്‍ഷികാവശ്യത്തിന് മോട്ടോര്‍പുര സ്ഥാപിക്കുന്നതിന് അനുവദിച്ച തുക ലാപ്സാക്കിയ കൃഷി അസിസ്റ്റന്‍റ്  ഡയറക്ടര്‍ തന്‍റെ തെറ്റ് മറയ്ക്കാന്‍ പുതിയ വഴികളുമായി രംഗത്ത്. രണ്ട് ആഴ്ചക്കകം മോട്ടോര്‍പുരയുടെ പണി തീര്‍ക്കാന്‍‌ തയ്യാറായാല്‍ ലാപ്സായി പോയ തുക വീണ്ടും അനുവദിക്കാമെന്ന നിബന്ധനയാണ് ഉദ്യോഗസ്ഥന്‍ മുന്നോട്ട് വെച്ചത്. സാമ്പത്തികവര്‍ഷം അവസാനിക്കും മുമ്പ് ബില്‍തുക മാറണമെന്നതാണ് കാരണമായി പറയുന്നത്. പേരൂര്‍ തെള്ളകം പാടശേഖരത്ത് ജലസേചനം ക്രമീകരിക്കുന്നതിനുള്ള മോട്ടോര്‍പുര സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ചത് കര്‍ഷകര്‍ക്ക് കൈമാറാതെ അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ തിരിച്ചയച്ചത് വിവാദമായിരുന്നു. 


എന്നാല്‍ അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ മുന്നോട്ട് വെച്ച നിബന്ധന ഒരിക്കലും നടക്കുന്നതല്ലെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു. അമ്പത് കുതിരശക്തിയുടെ മോട്ടോര്‍ സ്ഥാപിക്കാനുള്ള പമ്പ് ഹൗസ് ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍റേര്‍ഡ് അനുസരിച്ച് പണിയണമെങ്കില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണം. കാലാവസ്ഥ, തൊഴിലാളികളുടെയും നിര്‍മ്മാണസാമഗ്രികളുടെയും ലഭ്യത ഇവയെല്ലാം പണിയെ പിന്നെയും ബാധിക്കും. ഏറുമാടം രീതിയില്‍ രണ്ട് നിലകളിലായി പണിയുന്ന കെട്ടിടത്തിന്‍റെ തൂണുകള്‍, നിലം, മേല്‍ക്കൂര ഇവയുടെ കോണ്‍ക്രീറ്റ്, ഭിത്തി, പ്ലാസ്റ്ററിംഗ് ഇവയെല്ലാം കൃഷി വകുപ്പ് പറയുന്ന രണ്ടാഴ്ചയ്ക്കകം തീരില്ലെന്ന് സിവില്‍ എഞ്ചിനീയര്‍ കൂടിയായ പാടശേഖരസമിതി സെക്രട്ടറി മോന്‍സി പേരുമാലില്‍ പറയുന്നു. പുതിയ നിബന്ധനകളുമായി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ വീണ്ടും എത്തിയത് കര്‍ഷകര്‍ക്ക് പണം നല്‍കാതിരിക്കാനുള്ള അടവാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.


160 ഏക്കറോളം വരുന്ന പാടത്തേക്ക് മീനച്ചിലാറ്റില്‍ നിന്നും കുത്തിയതോട്ടിലൂടെ  ഒഴുകുന്ന വെള്ളം നിയന്ത്രിക്കുന്നതിനും കൃഷി സുഗമമാക്കുന്നതിനുമായി മോട്ടോര്‍ പുര നിര്‍മ്മിക്കുന്നതിന് അനുവദിച്ച രണ്ട് ലക്ഷം രൂപയാണ് അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ മനപൂര്‍വ്വം സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കിയത്. കഴിഞ്ഞ നവംബര്‍ 25ന് കൂടിയ കര്‍ഷകസമിതിയോഗത്തില്‍ തെള്ളകം പാടശേഖരസമിതിക്ക് മോട്ടോര്‍ പുര പണിയാന്‍ കൃഷി വകുപ്പ് അനുവദിച്ച തുകയാണിത്. കൃഷി ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പാടശേഖരസമിതി കഴിഞ്ഞ ജനുവരി 12ന് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറി. എന്നാല്‍ കൃഷി ഓഫീസര്‍ സമര്‍പ്പിച്ച അപേക്ഷയും പദ്ധതി റിപ്പോര്‍ട്ടും അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ തിരിച്ചയച്ചു. പാടശേഖര സമിതിക്ക് അനുവദിച്ച രണ്ട് ലക്ഷം രൂപ സര്‍ക്കാരിലേക്ക് തിരിച്ച് അടച്ചുവെന്നും ആയതിനാല്‍ തുക ലഭ്യമാക്കാനാവില്ല എന്നുമായിരുന്നു മറുപടി. 


പഴയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാതെ കിടക്കുന്ന  തുക ട്രഷറി നിരോധനത്തോടനുബന്ധിച്ച്  സര്‍ക്കാരിലേയ്ക്ക് തിരിച്ചടയ്ക്കണമെന്ന ഉത്തരവിന്‍റെ ചുവടുപിടിച്ചാണത്രേ എഡിഎ ഈ തുകയും തിരിച്ചടച്ചത്. സമയത്ത് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലാ എന്നതായിരുന്നു കാരണമായി ചൂണ്ടികാട്ടിയത്. മോട്ടോര്‍ പുര നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തി കുത്തിയതോടിനോടും മെയിന്‍ റോഡിനോടും ചേര്‍ന്ന് പാടശേഖര സമിതിക്ക് സൗജന്യമായി നല്‍കിയ അര സെന്‍റ് സ്ഥലത്താണ് മോട്ടോര്‍പുര നിര്‍മ്മിക്കാനുദ്ദേശിച്ചത്. ഇവിടെ എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ സ്ഥലം നഗരസഭയുടെ പേരിലാക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാടശേഖര സമിതി ഒന്നര വര്‍ഷം മുമ്പ് നഗരസഭ സെക്രട്ടറിയുടെ പേരില്‍ എഴുതികൊടുക്കുകയും ചെയ്തു. പക്ഷെ തുക അനുവദിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായില്ല. ഇതിനിടെയാണ് കൃഷിവകുപ്പ് സഹായഹസ്തവുമായി എത്തിയതും വെച്ചുനീട്ടിയ കൈ പിന്‍വലിക്കുന്നതും. 


അനുവദിച്ച തുക രണ്ട് മാസം ആകുന്നതിന് മുമ്പ് തന്നെ സര്‍ക്കാരിലേയ്ക്ക്  തിരിച്ചടച്ച് തങ്ങളോട് അവഗണന കാട്ടിയ അസിസ്റ്റന്‍റ് കൃഷി ഓഫീസറുടെ കാര്യാലയം കര്‍ഷകര്‍ ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്ന് ആഴ്ചകള്‍ക്കുശേഷം നിബന്ധനകളോടെ തുക നല്‍കാമെന്ന നിര്‍ദ്ദേശം അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ കൃഷി ഓഫീസര്‍ക്ക് നല്‍കുന്നത്. അതേസമയം ഈ നിബന്ധനകള്‍ പാലിച്ച് മോട്ടോര്‍പുരയുടെ പണികള്‍ തീര്‍ക്കാനാവില്ലെന്നും അനുവദിച്ച ഫണ്ട് നിലനിര്‍ത്തി പണികള്‍ തീര്‍ക്കുന്നതിന് മൂന്ന് മാസം എങ്കിലും കാലാവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാടശേഖരസമിതി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, സെക്രട്ടറി മോന്‍സി പേരുമാലില്‍ എന്നിവര്‍ കൃഷി ഓഫീസര്‍ക്ക് കത്ത് നല്‍കി. Share this News Now:
  • Google+
Like(s): 672