03 March, 2018 10:51:30 AM


നാഗാലാന്‍ഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

എന്‍പിഎഫ് 29 സീറ്റില്‍ ലീഡ് ചെയ്യുകയാണ്



കോഹിമ: നാഗാലാന്‍ഡിലെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഭരണകക്ഷിയായ എന്‍പിഎഫ് (നാഗാ പീപ്പിള്‍സ് ഫ്രണ്ട്) വ്യക്തമായ മുന്നേറ്റം നേടിക്കഴിഞ്ഞു. 60 സീറ്റുകളുള്ള സംസ്ഥാനത്തെ 54 മണ്ഡലങ്ങളുടെ ഫലസൂചനകളാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ഇവിടെ എന്‍പിഎഫ് 29 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. എന്‍പിഎഫുമായുണ്ടായിരുന്ന സഖ്യം ഒഴിവാക്കിയ ബിജെപിക്ക് ഇതുവരെ ലീഡ് നേടാന്‍ കഴിഞ്ഞത് 20 സീറ്റില്‍ മാത്രമാണ്. മുന്നണി സംവിധാനം മാറിയ ബിജെപിക്ക് ഫലത്തില്‍ വലിയ നഷ്ടമാണ് നാഗാലാന്‍ഡില്‍ സംഭവിച്ചിരിക്കുന്നത്.

എന്‍പിഎഫ്-ബിജെപി ഭരണം നടന്നിരുന്ന നാഗാലാന്‍ഡില്‍ വലിയ പ്രതിസന്ധികള്‍ ഉടലെടുത്തിരുന്നു. ഭരണത്തിലിരിക്കുന്പോള്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഭരണകാലത്ത് മൂന്ന് തവണ മുഖ്യമന്ത്രിയെ പോലും മാറ്റേണ്ടി വന്നു. ഇതോടെയാണ് ഭരണവിരുദ്ധ വികാരം ഭയന്ന് ബിജെപി മുന്നണി മാറിയത്. എന്‍ഡിപിപി എന്ന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് നാഗാലാന്‍ഡില്‍ വലിയ തിരിച്ചടിയുണ്ടായത് ദേശീയ തലത്തിലും നാണക്കേടായി. 

വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലും ബിജെപി സഖ്യത്തിനാണ് നാഗാലാന്‍ഡില്‍ മുന്നേറ്റം പ്രവചിച്ചിരുന്നത്. എന്നാല്‍ ഭരണമുന്നണിയായ എന്‍പിഎഫ് വലിയ മുന്നേറ്റം കാഴ്ചവച്ചത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 186