03 March, 2018 08:31:46 AM


വെങ്കിടേഷ് പ്രസാദ് ദേശീയ ജൂനിയർ ടീം സെലക്ടർ സ്ഥാനം രാജിവച്ചു




ദില്ലി: മുൻ ഇന്ത്യൻ സീമർ വെങ്കിടേഷ് പ്രസാദ് ദേശീയ ജൂനിയർ ക്രിക്കറ്റ് ടീം സെലക്ടർ സ്ഥാനം രാജിവച്ചു. 30 മാസത്തിലേറെയായി തുടരുന്ന സെലക്ടർ പദവിയാണ് പ്രസാദ് ഒഴിഞ്ഞത്. ബിസിസിഐയുമായുള്ള നീരസമാണ് രാജി തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. 

സ്വകാര്യ ആവശ്യങ്ങൾക്കായി മാറിനിൽക്കേണ്ടതുണ്ടെന്നു കാട്ടിയാണ് പ്രസാദ് രാജി വയ്ക്കുന്നതെന്നാണ് വിവരം. ഇതേക്കുറിച്ച് ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. അതേസമയം, രാജിയുടെ കാരണമെന്താണെന്ന് കൃത്യമായി അറിയില്ലെന്നും ഐപിഎൽ അടുത്തുവരുന്നതിനാൽ ഏതെങ്കിലും ടീമിനൊപ്പം ചേരാനായിരിക്കും അദ്ദേഹം രാജി വയ്ക്കുന്നതെന്നും മുതിർന്ന ബിസിസിഐ പ്രതിനിധി പറഞ്ഞു.

രാജിക്കാര്യത്തേക്കുറിച്ച് വ്യക്തമായി ഒന്നും അറിയില്ലെ ബിസിസിഐ ആക്ടിംഗ് പ്രസിഡന്‍റ് സി.കെ. ഖന്നയും പറഞ്ഞു.2016ൽ ദേശീയ സീനിയർ ടീം സെലക്ടർ സ്ഥാനം പ്രസാദ് രാജിവച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ അദ്ദേഹത്തെ ജൂനിയർ ടീമിന്‍റെ മുഖ്യ സെലക്ടറായി ബിസിസിഐ നിയമിക്കുകയായിരുന്നു.

അണ്ടർ-19 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിനു പിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. അണ്ടർ-19 ലോകകപ്പ് ജയിച്ച ടീമിന്‍റെ സെലക്ടർമാർക്ക് ബിസിസിഐ പാരിതോഷികം ഒന്നും നൽകിയിരുന്നില്ല. എന്നാൽ , സീനിയർ പുരുഷ-വനിതാ ടീമുകൾക്ക് ചാമ്പ്യൻസ് ട്രോഫിയും ലോകകപ്പും നഷ്ടപ്പെട്ടിട്ടും അന്ന് സെലക്ടർമാർക്ക് പാരിതോഷികം നകിയിരുന്നു.ഇതാണ് രാജിക്കു കാരണമായതെന്നും വിവരങ്ങളുണ്ട്.



Share this News Now:
  • Google+
Like(s): 126