02 March, 2018 11:37:34 AM


സമ്മേളനത്തിനിടെ സിപിഐയില്‍ പൊട്ടിത്തെറി; എല്ലാം തുറന്നു പറയുമെന്ന് ഇസ്മയില്‍

പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെയാണ് ഇസ്മയില്‍ രംഗത്തെത്തിയത്.



മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനം നടന്നുകൊണ്ടിരിക്കെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ കെ.ഇ. ഇസ്മയില്‍. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെയാണ് ഇസ്മയില്‍ രംഗത്തെത്തിയത്.കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പലതും തുറന്നു പറയേണ്ടിവരുമെന്ന് ഇസ്മയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു പരാതിയും നല്‍കി. 

തന്നെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണ്. ഇതു തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് ഇസ്മയിലിന്റെ മുന്നറിയിപ്പ്. കണ്‍ട്രോള്‍ കമ്മിഷനു ലഭിച്ച പരാതി അതേപടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് അനുചിതമാണെന്നും ഇസ്മയില്‍ നിലപാടെടുക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗള്‍ഫില്‍ അനധികൃത പണപ്പിരിവും ആഡംബര താമസവുമാണ് ഇസ്മയിലിനെതിരെ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

പാര്‍ട്ടി അറിയാതെ ഗള്‍ഫില്‍ ഫണ്ടുപിരിവു നടത്തിയെന്നാണ് ഇസ്മയിലിനെതിരായ പരാതി. യുഎഇയിലെ ബ്രാഞ്ച് കമ്മിറ്റികളുടെ കോര്‍ഡിനേഷന്‍ കണ്‍വീനറാണു പരാതിക്കാരന്‍. ആഡംബര ഹോട്ടലിലായിരുന്നു താമസം. ഇതേക്കുറിച്ച്‌ വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിക്കും നേതാവിനും നിരക്കാത്ത പ്രവൃത്തി കണ്‍ട്രോള്‍ കമ്മിഷനു ബോധ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 



Share this News Now:
  • Google+
Like(s): 160