01 March, 2018 02:59:34 PM


ഏറ്റുമാനൂർ പേരൂർകാവിൽ മണിമുഴക്കം; മേൽശാന്തി രാജിവെച്ചു

എൻ എസ് എസിനെതിരെ പ്രതിഷേധം ശക്തം



കോട്ടയം: പേരൂർകാവ്‌ ഭഗവതി ക്ഷേത്രത്തിൽ ഒരു ഭക്തൻ 'മണി' വഴിപാടായി സമർപ്പിച്ചത് വിവാദമായി. ഇതേ തുടർന്ന് ക്ഷേത്രം മേൽശാന്തി ശ്രീകുമാർ നമ്പൂതിരി രാജിവെച്ചു. ഭക്തൻ വഴിപാടായി നൽകിയ മണി ക്ഷേത്രത്തിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണാധികാരികളായ എൻഎസ്എസ് കരയോഗം ഭാരവാഹികളില്‍ നിന്നും നേരിട്ട മാനസിക പീഡനമാണ് മേൽശാന്തിയുടെ രാജിയിൽ കലാശിച്ചത്. 


കഴിഞ്ഞ കുംഭഭരണി ഉത്സവത്തിനാണ് ഭക്തന്‍ മണി വഴിപാടായി സമര്‍പ്പിച്ചത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് വന്നതിനോടനുബന്ധിച്ച് മണി സ്ഥാപിക്കുവാനായിരുന്നു ഉദ്ദേശിച്ചത്. തങ്ങള്‍ അറിയാതെ മണി ക്ഷേത്രത്തില്‍ സമര്‍പ്പിക്കപ്പെട്ടുവെന്നതാണ് ഭരണസമിതി മേല്‍ശാന്തിക്കെതിരെ ഉന്നയിച്ച ആരോപണം. എന്നാല്‍ മണി സ്ഥാപിക്കുന്നതിനുള്ള തൂണുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള  സംവിധാനം ഭരണസമിതിയുടെ തന്നെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചിരുന്നു. ഈ തൂണുകളിലാണ് മണി തൂക്കിയതും. ഭരണസമിതിയ്ക്കറിയാവുന്ന കാര്യമായതുകൊണ്ടുതന്നെ മേല്‍ശാന്തി കുംഭഭരണി നാളില്‍ മണി സമര്‍പ്പിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ മണി സമര്‍പ്പിച്ചതിനു പിറ്റേന്ന് പേരൂര്‍കാവ് - ചാലയ്ക്കല്‍ ദേവസ്വം പ്രസിഡന്‍റ് കൂടിയായ എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ് രാധാകൃഷ്ണന്‍ നായര്‍ തങ്ങളറിയാതെയാണ് മണി സമര്‍പ്പിച്ചതെന്ന രീതിയില്‍ മേല്‍ശാന്തിയെ ചോദ്യം ചെയ്യുകയായിരുന്നു. 


വഴിപാട് കാര്യങ്ങള്‍ നോക്കുവാനും മറ്റുമായി ദേവസ്വം ഒരു പ്രതിനിധിയെ ക്ഷേത്രത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹമെങ്കിലും അറിയാതെ ഒരു വഴിപാടും സമര്‍പ്പണവും ക്ഷേത്രത്തില്‍ നടക്കില്ലെന്നിരിക്കെയാണ് എന്‍.എസ്.എസ് കരയോഗം മേല്‍ശാന്തിക്കെതിരെ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തില്‍ മുഴുവന്‍ സമയവുമുള്ള ദേവസ്വം പ്രതിനിധിയും മണി സമര്‍പ്പിച്ചത് താന്‍ അറിയാതെയാണെന്ന് പറഞ്ഞതോടെ മേല്‍ശാന്തി ഒറ്റപ്പെടുകയായിരുന്നു. മണിയുടെ സമര്‍പ്പണം അംഗീകരിക്കാന്‍ ദേവസ്വം തയ്യാറാകാതെ വരികയും നേരിട്ട് ഒരു പങ്കുമില്ലാതിരുന്നിട്ടും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്തത് മേല്‍ശാന്തിയ്ക്ക് മാനസികവ്യഥയ്ക്ക് കാരണമായി. തന്നെ അംഗീകരിക്കാത്തവരുടെ കീഴില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയ മേല്‍ശാന്തി ചോദ്യം ചെയ്യപ്പെട്ടതിന് പിറ്റേന്ന് തന്നെ രാജി സമര്‍പ്പിച്ചു.  


അതേസമയം, ഭക്തജനങ്ങൾക്ക് ഏറെ അഭിമതനായ മേൽശാന്തി രാജി വെച്ചതിൽ എൻ എസ് എസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വ്യാഴാഴ്ച വൈകിട്ട് ഒരു സംഘം ഭക്തർ പ്രതിഷേധ പ്രകടനത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ മേല്‍ശാന്തി രാജിവെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുവാന്‍ ദേവസ്വത്തിന്‍റെ ചുമതലയുള്ള എന്‍എസ്എസ് കരയോഗം പ്രസിഡന്‍റ് തയ്യാറായില്ല. മേല്‍ശാന്തി സ്വന്തം ഇഷ്ടപ്രകാരം രാജിവെച്ചുപോകുകയായിരുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വിശദീകരണം. ഇതിനിടെ സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനും മതവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.



Share this News Now:
  • Google+
Like(s): 7196