24 February, 2018 04:24:38 PM


പിടിയിലായവര്‍ ഡമ്മി പ്രതികള്‍; അട്ടപ്പാടിയില്‍ രോഷം പുകയുന്നു

ആദിവാസി ജനത സമരമുറകളുമായി തെരുവിൽ, മധുവിന്റെ മൃതദേഹം മുക്കാലിയില്‍ തടഞ്ഞു




പാലക്കാട് : ഭക്ഷണം മോഷിടിച്ച കുറ്റത്തിന് മധു എന്ന ആദിവാസി യുവാവിനെ അടിച്ചുകൊന്നതില്‍ ആദിവാസി ജനതയുടെ രോഷം പുകയുന്നു. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളെല്ലാം ഒറ്റക്കെട്ടായി മധുവിന്റെ ഘാതകരെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് തെരുവിലിറങ്ങി. കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹം മുക്കാലിയില്‍ തടഞ്ഞു. പോലീസ് പിടികൂടിയ പ്രതികളെ കാണിച്ച് ബോധ്യപ്പെടാതെ മൃതദേഹം വിട്ടു നല്‍കില്ലെന്നു പറഞ്ഞാണ് പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞത്. 


മുക്കാലിയില്‍ തടിച്ചു കൂടിയ നാട്ടുകാരാണ് മൃതദേഹം തടഞ്ഞത്. പിടികൂടിയവരില്‍ യഥാര്‍ത്ഥ പ്രതികളുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അഗളി പോലീസ് സ്‌റ്റേഷന് പുറമെ മുക്കാലി ടൗണിലും ആദിവാസി ജനത ഉപരോധ സമരവും കുത്തിയിരിപ്പ് സമരവുമായി പ്രതിഷേധത്തിലാണ്. യഥാര്‍ഥ പ്രതികളെ പിടികൂടാതെ തങ്ങള്‍ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആദിവാസികള്‍. സ്ത്രീകളും പ്രായമേറിയവരുമുള്‍പ്പെടെ ആയിരത്തോളം പേരാണ് അഗളി പോലീസ് സ്‌റ്റേഷനിലും മുക്കാലി ടൗണിലുമായി പ്രതിഷേധ സമരം നടത്തുന്നത്. പോലീസ് പിടികൂടിയിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്നും യഥാര്‍ഥ പ്രതികളെ പിടികൂടുകയാണ് തങ്ങളുടെ ആവശ്യമെന്നും അതുവരെ അനിശ്ചിതകാല ഉപരോധ സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.


കേസില്‍ പത്ത് പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. അഗളി പോലീസ് സ്‌റ്റേഷനില്‍ രണ്ട് പ്രതികളും ശ്രീകൃഷ്ണപുരം പോലീസ് സ്‌റ്റേഷനില്‍ എട്ട് പ്രതികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇവര്‍ക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.


അഗളിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്‌കാര ചടങ്ങിനായി മധുവിന്റെ മൃതദേഹം കൊണ്ടുപോയത്. ചടങ്ങിനായി ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കെയാണ് സംഭവം. പോലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.



Share this News Now:
  • Google+
Like(s): 199