24 February, 2018 01:19:18 PM


കണ്ണൂര്‍ ഇരിട്ടിയില്‍ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം കലുങ്കിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവര്‍ കലുങ്ക് നിര്‍മ്മാണത്തില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികള്‍



കണ്ണൂര്‍: ഇരിട്ടിയില്‍ ഉളിക്കല്‍ കോക്കാട് കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം കലുങ്കിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കലുങ്ക് നിര്‍മ്മാണത്തില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികള്‍. പരിക്കേറ്റവരില്‍ രണ്ട് മലയാളികളും മൂന്ന് ഇതരസംസ്ഥാനതൊഴിലാളികളും. രാവിലെ 11.45 മണിയോടെയായിരുന്നു അപകടം. ഉളിക്കല്‍ - പയ്യാവൂര്‍ റോഡ് നവീകരണത്തിന്‍റെ ഭാഗമായി കോക്കാട് തോടിന് കുറുകെയുള്ള കലുങ്ക് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. 



കലുങ്ക് നിര്‍‌മ്മാണത്തിനുള്ള റെഡിമിക്സ് ഇറക്കുംവഴി വാഹനം പൊങ്ങികുത്തുകയും തെന്നി കലുങ്കിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം കലുങ്കിനുള്ളില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ വാഹനത്തിന് അടിയില്‍ കുടുങ്ങി. സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമനസേനാപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്ത തൊഴിലാളികളെ ഇരിട്ടിയിലേയും തലശ്ശേരിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  


- പ്രജീഷ് എ.പി.



Share this News Now:
  • Google+
Like(s): 1224