24 February, 2018 12:34:50 PM


മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം; വനംവകുപ്പിന്‍റെ പങ്കില്‍ സഹോദരിയുടെ ആരോപണം നിഷേധിച്ച്‌ മന്ത്രി ബാലനും

തുക എത്രയും വേഗം ലഭ്യമാക്കും



തൃശൂര്‍: വിശപ്പടക്കാന്‍ മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ച്‌ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്‍റെ ധനസഹായം. കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, വനംവകുപ്പ് അധികൃതര്‍ നോക്കിനില്‍ക്കെയാണ് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് സഹോദരി ചന്ദ്രികയുടെ ആരോപണം മന്ത്രി എ.കെ ബാലന്‍ നിഷേധിച്ചു. വനംവകുപ്പിനെതിരായ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനാണ്. സര്‍ക്കാര്‍ അതില്‍ വീഴില്ല. ഞായറാഴ്ച താന്‍ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.


മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തത് വനംവകുപ്പ് അധികൃതരാണെന്നും അമ്മ മല്ലിയും സഹോദരിയും ആരോപിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യുന്ന സമയത്താണ് മധുവിനെ നാട്ടുകാര്‍ വളഞ്ഞതെന്നും ആരവത്തോടെയാണ് പുറത്തേക്ക് കൊണ്ടുവന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള ഉള്‍വനത്തിനുള്ളില്‍ തിരിച്ചറിയല്‍ രേഖകള്‍ പോലും പരിശോധിക്കാതെയാണ് വനംവകുപ്പ് അധികൃതര്‍ ആള്‍ക്കൂട്ടത്തെ കയറ്റിവിട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.


വനംവകുപ്പ് അധികൃതര്‍ക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അന്വേഷിച്ച്‌ ഉചിതമായ നടപടിയെടുക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. മധുവി​ന്‍റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര പട്ടികജാതി പട്ടിക വര്‍ഗ മന്ത്രി ജുവല്‍ ഒറാം അറിയിച്ചു.



Share this News Now:
  • Google+
Like(s): 186