24 February, 2018 09:07:24 AM


മധുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ആശുപത്രിയിൽ എത്തിയ ബന്ധുക്കളുടെ കയ്യിൽ ഫോൺ ചെയ്യാൻ പോലും പണമില്ലായിരുന്നു



തൃശൂർ: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വെള്ളിയാഴ്ച മൃതദേഹമെത്താന്‍ വൈകിയതാണ് ഇന്നത്തേക്ക് മാറ്റാന്‍ കാരണം.


വെള്ളിയാഴ്ച നാലുമണിയോടെയാണ് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങും. നടപടികള്‍ പൂര്‍ത്തായാക്കി 11 മണിയോടെ മൃതദേഹം ബന്ധുക്കള്‍ കൈമാറിയേക്കും.വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവ ചെയ്യേണ്ടതിനാലും കൃത്യത ഉറപ്പുവരുത്താനും വേണ്ടിയാണ് പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ചത്തേക്ക് മാറ്റിയതെന്ന് ഫോറന്‍സിക് മേധാവി ഡോ.എന്‍.എ.ബലറാം പറഞ്ഞു

.

മരണത്തില്‍ ദുരൂഹതയും സങ്കീര്‍ണതകളുമുള്ളതിനാല്‍ നടപടികള്‍ക്കായി കൂടുതല്‍ സമയം വേണ്ടിവരും. അടുത്ത ബന്ധുക്കളായ ആറു യുവാക്കള്‍ മാത്രമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നത്. ഇവരുടെ പക്കല്‍ ഫോണ്‍ ചെയ്യാന്‍ പോലും പണമില്ലായിരുന്നു. മന്ത്രി എ.കെ.ബാലനും എം.ബി.രാജേഷ് എംപിയും മോര്‍ച്ചറിയിലെത്തി ഡോക്ടര്‍മാരോടും ബന്ധുക്കളോടും സംസാരിച്ചിരുന്നു.


ഇതിനിടെ മധുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മണ്ണാര്‍ക്കാട് തുടങ്ങി.



Share this News Now:
  • Google+
Like(s): 169