23 February, 2018 01:44:01 PM


ഗ്രാമങ്ങളില്‍ ടെലിവിഷന്‍ വിതരണത്തിന് ചൈന

ലക്ഷ്യം ഭരണകൂടത്തിന്‍റെ പ്രചാരണം



ബെയ്ജിംഗ് : ഗ്രാമപ്രദേശങ്ങളില്‍ ഭരണകക്ഷി പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണം സമൂഹത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി ടെലിവിഷന്‍ വിതരണത്തിനൊരുങ്ങി ചൈനീസ് ഭരണകൂടം. ചൈനയുടെ ഗ്രാമ പ്രദേശങ്ങളില്‍ ഏകദേശം 300,000 ടെലിവിഷന്‍ സെറ്റുകള്‍ വിതരണം നടത്താനാണ് ഷീ ജിങ് പിങ്ങ് ഭരണകുടം പദ്ധതിയിടുന്നത്.


പുതിയ പദ്ധതി ചൈനയുടെ ദരിദ്ര ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി അധികൃതര്‍ കൈക്കൊള്ളുന്നതാണെന്നും ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന്‍റെ കൈയ്യില്‍ നിന്നും ഇത്തരത്തില്‍ ടെലിവിഷന്‍ ലഭിക്കുമ്പോള്‍ പാര്‍ട്ടിയുടെയും, രാജ്യത്തിന്‍റെയും സ്നേഹപൂര്‍വമായ സംരക്ഷണം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്നും, അതില്‍ ചൈനയിലെ ജനങ്ങള്‍ സന്തുഷ്ടരാണെന്നും സെന്‍ട്രല്‍ ഹുബായി പ്രവിശ്യയിലെ ജനങ്ങള്‍ വ്യക്തമാക്കി.


കഷ്ടപ്പാടുകള്‍ കാരണം ടെലിവിഷന്‍ കാണാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് ടെലിവിഷന്‍ കാണാനും അവരുടെ ആത്മീയ ജീവിതത്തെ സമ്പന്നമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയിയിലെ പാര്‍ട്ടി മുഖപത്രമായ അന്‍ഹുയി ഡെയ്ലി പറയുന്നു. ചൈനീസ് ഭരണാധികാരി ഷീ ജിങ് പിങ്ങിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ കൂടുതല്‍ ശക്തമാക്കാന്‍ ഈ പദ്ധതിയ്ക്ക് കഴിയും.


മോശം കാലാവസ്ഥ മൂലം ഗ്രാമീണ മേഖലകളിലെ ടെലിവിഷന്‍ വിതരണത്തിന് തടസ്സം നേരിട്ടതായി പ്രാദേശിക അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം മറികടന്ന് ടെലിവിഷന്‍ ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ എത്തിക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഭരണകുടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 142