22 February, 2018 09:05:41 AM


കെട്ടിടം അനധികൃതമോ? ക്രമവത്ക്കരിച്ച് അംഗീകാരം നേടാം

സ്വയം നിയമ ലംഘനം സാക്ഷ്യപ്പെടുത്തി ഫൈൻ നിർണ്ണയിച്ച് സമർപ്പിക്കാം
തിരുവനന്തപുരം: കേരള പഞ്ചായത്ത് രാജ് ആക്ടിലെ 235 എ ബി വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 407-ാം വകുപ്പുമാണ് കെട്ടിട നിയമങ്ങൾ ലംഘിച്ച് കെട്ടിയ വീടുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ ക്രമവൽക്കരണം ലക്ഷ്യമിട്ട്  ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത് . 2013 മാര്‍ച്ച് 31 വരെയുള്ള അനധികൃത നിര്‍മ്മാണങ്ങളാണ് ഏറ്റവും അവസാനത്തെ ഭേദഗതി (GO(MS)150/2014/LSGD, GO (MS)39/2014/LSGD) എന്നിവ വഴി ക്രമവത്ക്കരിക്കാന്‍ കഴിയുക. ഈ ഓര്‍ഡിനന്‍സിലൂടെ പഞ്ചായത്ത് പരിധിയില്‍ താഴെപ്പറയുന്ന വ്യവസ്ഥകളാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. 31.07.2017 നോ  അതിനു മുന്‍പോ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍  ക്രമവത്ക്കരിക്കാന്‍ കഴിയും . കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവ ക്രമവത്ക്കരണ പരിധിയില്‍ ഉള്‍പ്പെടുത്താനാകും .

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനുള്ള അധികാരം , സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നതിന്  പകരം ജില്ലാ ടൗണ്‍ പ്ലാനര്‍ , ഡെപ്യൂട്ടി  ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് , ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ  സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതല സമിതിക്കാണ് നൽകിയിരിക്കുന്നത് . ഇതിനായി ഒരാളും മന്ത്രിയുമായോ മന്ത്രിയുടെ ഓഫീസുമായോ തിരുവനന്തപുരത്തെ ഏതെങ്കിലും ഉദ്യോഗസ്ഥനുമായോ ബന്ധപ്പെടേണ്ടിവരില്ല . ഓരോ വ്യക്തിക്കും സ്വയം നിയമ ലംഘനം സാക്ഷ്യപ്പെടുത്തി ഫൈൻതുക നിർണ്ണയിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രടറിക്ക് സമർപ്പിക്കാം . ജില്ലാ ടൗൺപ്ലാനറും തദ്ദേശസ്ഥാപന ജില്ലാ ഉദ്യോഗസ്ഥനും പരിശോധിക്കും പിഴ തിട്ടപ്പെടുത്തും.

ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തിയാൽ അഴിമതിയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്താണ് മൂന്നാളുകളുൾപ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത് . മൂന്ന് പേരും ഒരുപോലെ അഴിമതിക്കാരാവുക വിരളമാകുമല്ലോ ? ആർക്കെങ്കിലും വല്ല ദുരനുഭവങ്ങളും ഇവരിൽ നിന്നുണ്ടായാൽ മന്ത്രിയെ നേരിട്ട് വിളിച്ചോ "For the People" പോർട്ടൽ വഴിയോ ഒഫീഷ്യൽ email വഴിയോ പരാതിപ്പെടാവുന്നതാണ് .

ഈ ഓര്‍ഡിനന്‍സിലൂടെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പരിധിയില്‍ താഴെ പ്പറയുന്ന വ്യവസ്ഥകളാണ് ഭേദഗതി വരുത്തിയത് . 

A) 31.07.2017 നോ  അതിനു മുന്‍പോ നിര്‍മ്മിച്ച അനധികൃത കെട്ടിട  ങ്ങള്‍  ക്രമവത്ക്കരിക്കാന്‍ പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കഴിയും . 
B)കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവ ക്രമവത്ക്കരണ പരിധിയില്‍ ഉള്‍പ്പെടും . 
C) അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനുള്ള അധികാരം  സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നതിന് പകരം ജില്ലാ ടൗണ്‍ പ്ലാനര്‍ ,  റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ , ബന്ധപ്പെട്ട തദ്ദേശ  സ്ഥാപനങ്ങളിലെ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതലസമിതിക്കാ  യിരിക്കും .
കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ - GO(P)11/2018/LSGD dtd 15/02/2018 (SRO NO. 95/2018)
പഞ്ചായത്ത് - GO(P)12/2018/LSGD dtd 15/02/2018 (SRO NO. 96/2018)
ചട്ടങ്ങൾ ഗസററിൽ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ അടുത്ത ആഴ്ചമുതൽ തന്നെ ആവശ്യക്കാർക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമാനുസൃതമുള്ള ഫോറത്തില്‍ അപേക്ഷ നല്‍കാവുന്നതാണ് . (രണ്ട് ചട്ട ഭേദഗതികളുടെയും PDF കോപ്പികൾ ഇമേജിൽ നൽകുന്നുണ്ട് ) . നിയമലംഘനം നടന്നിട്ടുള്ള കെട്ടിടങ്ങളുടെ പ്ലാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം . കൂടാതെ അനധികൃത നിര്‍മ്മാണത്തിന്റെ അനുപാതം അപേക്ഷകന്‍ Self Declaration നൊപ്പം വെക്കേണ്ടതുമാണ് .. 
ജില്ലാതലത്തില്‍ രൂപീകരിച്ച സമിതി ഇതു പരിശോധിച്ച് അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിനുള്ള കോമ്പൊണ്ടിംഗ് ഫീ കണക്കാക്കും . 
പ്രസ്തുത ഫീ യുടെ 50% സര്‍ക്കാര്‍ ട്രഷറിയിലും ബാക്കി 50% ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫീസിലെ കൗണ്ടറിലുമാണ്  അടയ്ക്കേണ്ടത്. ക്രമവത്ക്കരണം മൂലം ലഭ്യമാകുന്ന ഫീസിന്റെ 50% തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിലേക്ക് പ്രാദേശിക വികസനത്തിനായി ലഭ്യമാകുമെന്ന് ചുരുക്കം .
ഫീ അടച്ച് രശീതി ലഭ്യമാക്കുന്ന മുറയ്ക്ക് കെട്ടിടം ക്രമവത്ക്കരിച്ചു എന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കുന്നതോടൊപ്പം ഒക്യൂപ്പന്‍സി സര്‍ട്ടിഫിക്കറ്റും നൽകേണ്ടതാണ് . 

അഞ്ചിനം വയലേഷനുകളാണ് ഇതിലൂടെ  ക്രമവത്ക്കരിക്കാന്‍ കഴിയുക . 
1) സെ‍റ്റ് ബാക്ക്
2) കവറേജ്
-3) FAR (Floor Area Ratio)
4) വഴി
5) പാര്‍ക്കിംഗ്

1 - ‌പഞ്ചായത്ത് പരിധിയില്‍ 600 സ്ക്വയര്‍ ഫീറ്റ് വരെയുള്ള ഏകവാസ വീടുകള്‍ക്ക് കോമ്പൗണ്ടിംഗ്  ഫീ ഉണ്ടായിരിക്കുന്നതല്ല . 
2 - 600 നു മുകളില്‍ 1000 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവക്ക് 2000 രൂപ . 
3 - 1001 മുതല്‍ 2000 സ്ക്വയര്‍ ഫീറ്റ് വരെ യുള്ളവക്ക് 15,000 രൂപ   .4 - 2001 നും 3000 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവക്ക് 20,000 രൂപ എന്നിങ്ങനെയാണ് കോമ്പൗണ്ടിംഗ് ഫീയായി അടക്കേണ്ടിവരിക .
വാണിജ്യ കെട്ടിടങ്ങള്‍ക്ക് പ്രത്യേക കോമ്പൗണ്ടിംഗ് ഫീയാണ് കണക്കാക്കി യിട്ടുള്ളത് . വയലേഷന്റെ തോതനുസരിച്ച് പിഴ സംഖ്യ വ്യത്യാസപ്പെടും . കാര്‍ പാര്‍ക്കിംഗ് 50% ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ പഞ്ചായത്ത് പരിധിയില്‍ കുറവ് വരുന്ന കാര്‍ പാർക്കിംഗ് ഒന്നിന് 2 ലക്ഷം രൂപ വീതവും 25% കാര്‍ പാര്‍ക്കിംഗ് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കുറവ് വരുന്ന കാര്‍ പാർക്കിംഗ് ഒന്നിന് മൂന്ന് ലക്ഷം രൂപ വീതവും എന്നാല്‍ 25% ല്‍ താഴെയാണ് കാര്‍ പാര്‍ക്കിംഗ് ഉള്ളതെങ്കില്‍ കുറവ് വരുന്ന ഓരോ കാർ പാർക്കിംഗിന് മൂന്നര ലക്ഷം രൂപ വീതവും കോമ്പൗണ്ടിംഗ് ഫീയായി അടയ്ക്കേണ്ടി വരും . 
എന്നാല്‍ താഴെപ്പറയുന്ന കെട്ടിടങ്ങള്‍ക്ക് യഥാർത്ഥ കോമ്പൗണ്ടിംഗ് ഫീയുടെ  പട്ടികയില്‍ കൊടുത്തിരിക്കുന്ന ശതമാനം മാത്രം പിഴ ഒടുക്കിയാൽ മതിയാകും. 

1 - സര്‍ക്കാര്‍ ഓഫീസുകള്‍ : 0% ,
2 - സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബഡ്സ് സ്കൂളുകള്‍ : 0% ,
3 - ഗവണ്‍മെന്റ് എയ്ഡഡ് സ്കൂളുകള്‍, കോളേജുകള്‍ : 10 % ,
4 - ഗവ. അംഗീകരിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ /  സ്വാശ്രയസ്ഥാപനങ്ങള്‍ :
35% ,
5 - അംഗീകൃത പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കുകള്‍ , മതസ്ഥാപനങ്ങള്‍ : 25% ,
6 - നിയമസഭയിലോ , ലോക് സഭയിലോ , രാജ്യസഭയിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ്കെട്ടിടങ്ങള്‍ : 25% ,
7 - വൃദ്ധമന്ദിരങ്ങള്‍ , അനാഥമന്ദിരങ്ങള്‍ , ഡേ കെയര്‍ സെന്ററുകള്‍ , ക്രഷുകള്‍ , ബി.ആര്‍.സികള്‍ : 10% ,
8 - കേരള ഗ്രന്ഥശാലാ സംഘത്തിൽ  അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികള്‍ : 10% .

1 - ‌മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും                    600 സ്ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകള്‍ക്ക് കോമ്പൗണ്ടിംഗ്  ഫീ ഉണ്ടായിരിക്കുന്നതല്ല . 
2 - 600 നു മുകളില്‍ 1000 സ്ക്വയര്‍ ഫീറ്റ് വരെ 3000 രൂപ .
3 - 1001 മുതല്‍ 2000 സ്ക്വയര്‍ ഫീറ്റ് വരെ യുള്ളവര്‍ക്ക് 20,000 രൂപ  ,  4 - 2001 മുതൽ 3000 സ്ക്വയര്‍ഫീറ്റ് വരെയുള്ളവര്‍ക്ക് 30,000 രൂപ എന്നിങ്ങനെ കോമ്പൗണ്ടിംഗ് ഫീ  ഈടാക്കും .

വാണിജ്യ കെട്ടിടങ്ങള്‍ക്ക് പ്രത്യേക കോമ്പൗണ്ടിംഗ് ഫീയാണ് കണക്കാക്കി യിട്ടുള്ളത് . പ്രാഥമിക കോമ്പൗണ്ടിംഗ് ഫീയ്ക്ക് പുറമെ വയലേഷന്റെ തോതനുസരിച്ച് കോമ്പൗണ്ടിംഗ് ഫീ വ്യത്യാസപ്പെടും . 

കാര്‍ പാര്‍ക്കിംഗ് 50% ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കാര്‍ ഒന്നിന് 3 ലക്ഷം രൂപയും , മുനിസിപ്പാലിറ്റി പരിധിയില്‍ 2.5 ലക്ഷം രൂപയും , കോമ്പൗണ്ടിംഗ് ഫീയായി അടയ്ക്കേണ്ടി വരും . 25% കാര്‍ പാര്‍ക്കിംഗ് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കാര്‍ ഒന്നിന് നാല് ലക്ഷം രൂപയും , മുനിസിപ്പാലിറ്റി പരിധിയില്‍ 3.5 ലക്ഷം രൂപയും , കോമ്പൗണ്ടിംഗ് ഫീ ഇനത്തിൽ അടയ്ക്കേണ്ടി വരും .   എന്നാല്‍ 25% ല്‍ താഴെയാണ് കാര്‍ പാര്‍ക്കിംഗ് ഉള്ളുവെങ്കിൽ കോര്‍പ്പറേഷന്‍ പരിധിയില്‍ 5 ലക്ഷം രൂപയും മുനിസിപ്പാലിറ്റി പരിധിയില്‍ നാലു ലക്ഷം രൂപയും കോമ്പൗണ്ടിംഗ് ഫീയായി അടയ്ക്കണം .

മുനിസിപ്പൽ കോർപ്പറേഷൻ ഏരിയകളിൽ അനധികൃത കെട്ടിടങ്ങളിൽ ഇളവ് അനുവദിച്ചിട്ടുള്ളവയുടെ
കോമ്പൗണ്ടിംഗ് ഫീ താഴെ പറയും പ്രകാരമാണ് നിജപ്പെടുത്തിയിരിക്കുന്നത് .

1 - സര്‍ക്കാര്‍                                    ഓഫീസുകള്‍ : 0% , 
2 - സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ബഡ്സ് സ്കൂളുകള്‍ : 0% ,
3 - ഗവണ്‍മെന്റ് എയ്ഡഡ് സ്കൂളുകള്‍ , കോളേജുകള്‍ : 10 % ,
4 - ഗവ. അംഗീകരിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ /  സ്വാശ്രയസ്ഥാപനങ്ങള്‍ : 35% ,
5 - അംഗീകൃത പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കുകള്‍ , മതസ്ഥാപനങ്ങള്‍ : 25% ,
6 - നിയമസഭയിലോ, ലോക് സഭയിലോ, രാജ്യസഭയിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടങ്ങള്‍ : 25% ,
7 - വൃദ്ധമന്ദിരങ്ങള്‍ , അനാഥമന്ദിരങ്ങള്‍ , ഡേ കെയര്‍ സെന്ററുകള്‍ , ക്രഷുകള്‍ , ബി.ആര്‍.സികള്‍ : 10% ,
8 - കേരള ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികള്‍ : 10% ,
ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകള്‍ക്ക് പഞ്ചായത്ത് പരിധിയില്‍ ഒരു ലക്ഷം രൂപയും മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പരിധിയില്‍ ഒന്നരലക്ഷം രൂപയും കോമ്പൗണ്ടിംഗ് ഫീ അടയ്ക്കണം. 

നെല്‍വയല്‍ സംരക്ഷണ നിയമം , അഗ്നിശമനസേനാ നിയമങ്ങള്‍ , കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങള്‍ (CRZ) , പൊല്യൂ‍ഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിയമങ്ങള്‍ , പരിസ്ഥിതി നിയമങ്ങള്‍ എന്നിവയുടെ ലംഘനങ്ങൾ ഈ ചട്ടങ്ങളുടെ പരിധിയില്‍ ക്രമവത്ക്കരിക്കാന്‍ കഴിയില്ല . ഗസറ്റ് വിജ്ഞാപനത്തിൽ ഓരോ ലംഘനങ്ങൾക്കുമുള്ള  പിഴ പ്രത്യേകം പ്രത്യേകം വിശദീകരിച്ചിട്ടുണ്ട് .Share this News Now:
  • Google+
Like(s): 797