18 February, 2018 06:56:47 PM


അനീഷ് എന്ന 'അനീഷ'യുടെ കേരളനടനം പുത്തന്‍ അനുഭവമായി

അനീഷ തിരുവരങ്ങില്‍ എത്തിയത് ശിഷ്യ ചിന്നുവിനൊപ്പം




ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തിരുവരങ്ങില്‍ നടന്ന കേരളനടനം പുത്തന്‍ അനുഭവമായി. ഉത്സവപരിപാടികളില്‍ പറഞ്ഞപോലെ ചിന്നു പ്രസന്നന്‍, അനീഷ് പുത്തന്‍പറമ്പില്‍ എന്നിവരുടെ ശാസ്ത്രീയ നൃത്തം കാണാനെത്തിയവരെ അത്ഭുതപ്പെടുത്തിയാണ് ട്രാൻസ്ജെന്‍ററായ അനീഷ് എന്ന അനീഷ തിരുവരങ്ങില്‍ എത്തിയത്.

നൃത്താധ്യാപകനായ അനീഷ് അടുത്ത കാലത്താണ് അനീഷ എന്ന പേര് സ്വീകരിച്ചത്. ആറ് മാസം മുമ്പ് നടന്ന ശസ്ത്രക്രീയയിലൂടെ താന്‍ പൂര്‍ണ്ണമായും ഒരു പെണ്ണായി മാറിയെന്നാണ് ഈരാറ്റുപേട്ട പനച്ചിപ്പാറ സ്വദേശിയും അന്നാമല യൂണിവേഴ്സിറ്റിയില്‍ ഭരതനാട്യം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അനീഷ പറയുന്നത്. കോട്ടയത്ത് സംക്രാന്തിയില്‍ നൂപുര എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് അനീഷ. പല ക്ഷേത്രങ്ങളിലും പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ന‍ൃത്തമവതരിപ്പിക്കാനായത് വന്‍ ഭാഗ്യമായാണ് അനീഷ കരുതുന്നത്.  

അനീഷയുടെ ശിഷ്യയാണ് എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയും ഇടുക്കി നെടുംങ്കണ്ടം സ്വദേശിനിയുമായ ചിന്നു. ഒപ്പം ഏറ്റുമാനൂരില്‍ നാട്യ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയും ചെയ്യുന്നു. അനീഷ കേരളനടനമാടിയപ്പോള്‍ ചിന്നു സെമി ക്ലാസിക്കല്‍ നൃത്തവുമായാണ് അരങ്ങിലെത്തിയത്. 




Share this News Now:
  • Google+
Like(s): 142